നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴു പൂർത്തിയാക്കിയ മമ്മൂട്ടി തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ അടുത്തയാഴ്ച ഹംഗറിയിലേക്ക് തിരിക്കും.കിക്ക്, സായ്, നരസിംഹ റെഡ്ഡി, ധ്രുവ തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തെലുങ്ക് ചിത്രത്തിൽ മിലിട്ടറി ഒാഫീസറുടെ വേഷമാണ് മമ്മൂട്ടിക്ക്. നാഗാർജ്ജുന അമല ദമ്പതികളുടെ മകനും തെലുങ്കിലെ യുവതാരവുമായ അഖിൽ അക്കിനേനിയാണ് ഇൗ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നടന്നത് ഹൈദരാബാദിലാണ്. മമ്മൂട്ടിയുടെ അവതരണ രംഗമുൾപ്പെടെ ഹംഗറിയിൽ ചിത്രീകരിക്കും. നവംബർ മൂന്നുവരെയാണ് തെലുങ്ക് ചിത്രത്തിന്റെ ഹംഗറി ഷെഡ്യൂൾ പ്ളാൻ ചെയ്തിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരിചിത്രം പഴനിയിൽ
യുവസംവിധായകരിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ദീപാവലിക്ക് ശേഷം പഴനിയിൽ ചിത്രീകരണമാരംഭിക്കും. താരനിർണയം പൂർത്തിയായി വരുന്ന ചിത്രം നിർമ്മിക്കുന്നതും മമ്മൂട്ടി തന്നെയാണ്.
സി.ബി.ഐ 5 നവംബർ 29ന്
മമ്മൂട്ടി കെ. മധു എസ്.എൻ സ്വാമി ടീമിന്റെ സി.ബി.ഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിംഗ് നവം. 29ന് എറണാകുളത്ത് തുടങ്ങും. സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിക്കുന്ന ഇൗ ചിത്രം അറുപത്തിയഞ്ചു ദിവസം കൊണ്ട് പൂർത്തിയാകും. രൺജി പണിക്കർ, സായ് കുമാർ, രമേഷ് പിഷാരടി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. കാമറ: അഖിൽ ജോർജ്. സംഗീതം: ജേക്സ് ബിജോയ്.
പുഴുവിന്റെയും ഭീഷ്മ പർവ്വത്തിന്റെഎഡിറ്റിംഗ് തുടങ്ങി
ബിഗ് ബിക്കു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ഭീഷ്മ പർവ്വത്തിന്റെ എഡിറ്റിംഗ് എറണാകുളത്ത് തുടങ്ങി. വിവേക് ഹർഷനാണ് എഡിറ്റർ.
അമൽ നീരദ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, നദിയാ മൊയ്തു, ലെന, അനസൂയ, ഭരദ്വാജ്, വീണാനന്ദകുമാർ, നിസ്താർ, മാല പാർവതി തുടങ്ങിയവരും വേഷമിടുന്നുണ്ട്.
ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം : സുഷിൻ ശ്യാം.
മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന പുഴുവിന്റെ എഡിറ്റിംഗും എറണാകുളത്ത് തുടങ്ങി. നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴു നിർമ്മിക്കുന്നത് സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് എസ്. ജോർജാണ്.
ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് സഹനിർമ്മാണവും വിതരണവും.
പേരൻപ്, കർണൻ തുടങ്ങിയ ശ്രദ്ധേയ തമിഴ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ തേനി ഇൗശ്വറാണ് പുഴുവിന്റെയും ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റർ. സംഗീതം: ജേക്ക്സ് ബിജോയ്.
ഹർഷാദും ഷറഫുവും സുഹാസും ചേർന്നാണ് പുഴുവിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
പുരോഗമനാശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന സിനിമയായിരിക്കും പുഴുവെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |