ഗുരുവായൂർ: നഗരസഭയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ നവതി അനുസ്മരണത്തിന്റെ ഭാഗമായി സത്യഗ്രഹ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, മുൻകാല കൗൺസിലർമാർക്ക് ആദരം, കവിതാലാപന ഉപന്യാസ രചനാ മത്സരം എന്നിവ സംഘടിപ്പിക്കുമെന്ന് ചെയർമാൻ എം. കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിങ്കളാഴ്ച്ച രാവിലെ 11 ന് ഇന്ദിരാ ഗാന്ധി ടൗൺഹാളിൽ അനുസ്മരണ സമ്മേളനം മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. അദ്ധ്യാപകനും പ്രഭാഷകനുമായ ഡോ. ബിജു ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. അനുസ്മരണ സമ്മേളനത്തിൽ ജനകീയാസൂത്രണ കാലഘട്ടം മുതലുള്ള മുൻകാല ജനപ്രതിനിധികളെ ആദരിക്കും. ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി അനുസ്മരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ ഹയർ സെക്കൻഡറി കോളേജ് വിദ്യാർത്ഥികൾക്കായി ശനി രാവിലെ 11 ന് നഗരസഭ കിച്ചൺ ബ്ലോക്കിൽ ഉപന്യാസ രചനാ മത്സരവും, ഉച്ചയ്ക്ക് 2 ന് ടൗൺഹാളിൽ കവിതാലാപന മത്സരവും നടത്തും. വിജയികളാകുന്നവർക്ക് സത്യഗ്രഹ അനുസ്മരണ സമ്മേളനത്തിൽ ഉപഹാരം സമർപ്പിക്കുമെന്നും ചെയർമാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എ.എം ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത്കുമാർ, നഗരസഭാ സെക്രട്ടറി പി.എസ് ഷിബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |