SignIn
Kerala Kaumudi Online
Thursday, 07 July 2022 6.55 AM IST

കരകയറ്റം, അതിവേഗം: ഇന്ത്യയുടെ വളർച്ചാനിർണയ വിഭാഗങ്ങളെല്ലാം ഉണർ‌വിന്റെ പാതയിൽ

gdp

കൊച്ചി: ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം കൊവിഡിന് തൊട്ടുമ്പാണ് ഇന്ത്യയ്ക്ക് നഷ്‌ടപ്പെട്ടത്. 2015-16ലെ 8.2 ശതമാനത്തിൽ നിന്ന് 4.1 ശതമാനത്തിലേക്ക് ജി.ഡി.പി വളർച്ച കൂപ്പുകുത്തി; ദശാബ്ദത്തിലെ തന്നെ ഏറ്റവും മോശം വളർച്ച. തൊട്ടടുത്തവർഷം (2020-21) ഇരുട്ടടിയായി കൊവിഡ് വന്നതോടെ വളർച്ച ചരിത്രത്തിൽ ആദ്യമായി നെഗറ്റീവിലേക്ക് വീണു; പൂജ്യത്തിനും താഴെ 7.3 ശതമാനം. കഴിഞ്ഞ സമ്പദ്‌വർഷത്തെ ആദ്യപാദ വളർച്ച നെഗറ്റീവ് 24.4 ശതമാനമായിരുന്നു. വലിയ സമ്പദ്‌വ്യവസ്ഥകൾക്കിടയിലെ ഏറ്റവും താഴ്‌ന്ന വളർച്ച.

കൊവിഡിന്റെ താണ്ഡവം തുടർന്നെങ്കിലും അതിവേഗം ഇന്ത്യ കരകയറുന്ന കാഴ്‌ചയാണ് ലോകം കണ്ടത്. കേന്ദ്ര ഉത്തേജക പാക്കേജുകളും സാമ്പത്തിക പരിഷ്‌കാരങ്ങളും സമ്പദ്‌മേഖലയ്ക്ക് കരുത്തായി. വളർച്ചാഉണർവ് ലക്ഷ്യമിട്ടുള്ള റിസർവ് ബാങ്കിന്റെ ധനനയവും ഗുണം ചെയ്‌തു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ സേവന, മാനുഫാക്‌ചറിംഗ് മേഖലകൾ അതിവേഗം നേട്ടത്തിലേറി. ബാങ്ക് വായ്‌പാ ഡിമാൻഡ് ഉയർന്നു. തൊഴിലില്ലായ്മ നിരക്കും കുറയുന്നു.

നടപ്പുവർഷം ഇന്ത്യ 9.5 ശതമാനം വളരുമെന്നാണ് റിസർവ് ബാങ്കും ഐ.എം.എഫും ഉൾപ്പെടെ വിലയിരുത്തുന്നത്. കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ ഈവർഷവും അടുത്തവർഷവും പത്ത് ശതമാനത്തിന് മുകളിലാണ്. വാർഷിക വളർച്ച കണക്കാക്കുമ്പോൾ, ചൈനയിൽ നിന്ന് ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ അതിവേഗം തിരിച്ചുപിടിക്കാനുള്ള കുതിപ്പിലാണെന്ന് സാമ്പത്തിക വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. പാദാടിസ്ഥാനത്തിൽ ഈ നേട്ടം ഇക്കഴിഞ്ഞ ഏപ്രിൽ-ജൂണിൽ ഇന്ത്യ തിരിച്ചുപിടിച്ചിരുന്നു; ചൈന 7.9 ശതമാനം വളർന്നപ്പോൾ ഇന്ത്യ മുന്നേറിയത് 20.1 ശതമാനം.

പ്രതീക്ഷയുടെ കണക്കുകൾ

ഏഴിൽ അഞ്ച് മാർക്ക്

ജി.ഡി.പി വളർച്ചയെ സ്വാധീനിക്കുന്ന മേഖലകളുടെ പ്രകടനമികവിന് ബ്ളൂംബെർഗ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം സെപ്‌തംബറിൽ ഇന്ത്യ ഏഴിൽ അഞ്ച് മാർക്ക് നേടി. തുടർച്ചയായ മൂന്നാംമാസമാണ് ഈ നേട്ടം.

 ബിസിനസ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത അളക്കുന്ന പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സിൽ 2020 മേയിൽ ഇന്ത്യ കുറിച്ചത് 14.8 ആണ്. ഇത് 50ന് മുകളിലാണെങ്കിലേ ഫാക്‌ടറികളുടെ പ്രവർത്തനം മെച്ചമാണെന്ന് പറയാനാകൂ.

 ഈവർഷം സെപ്‌തംബറിൽ കുറിച്ചത് 55.3 ശതമാനം.

 ഡിമാൻഡ് വളർച്ചാ പോയിന്റ് 2020 ഏപ്രിലിൽ 6.3 ശതമാനം. 2021 സെപ്‌തംബറിൽ 55.3 ശതമാനം.

 ഫാക്‌ടറികളിലെ ഉത്പാദനം 47.6ൽ നിന്ന് 50.9ൽ എത്തി.

നേട്ടത്തിന്റെ കയറ്റുമതി

ഈ സെപ്‌തംബറിൽ കയറ്റുമതി വളർന്നത് 23 ശതമാനം. പെട്രോളിയം ഉത്‌പന്നങ്ങൾ, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, കാപ്പി, ജെം ആൻഡ് ജുവലറി എന്നിവ നേട്ടത്തിന് ചുക്കാൻ പിടിച്ചു. 2020 ഏപ്രിലിൽ കയറ്റുമതി 60.5 ശതമാനം ഇടിഞ്ഞിരുന്നു.

 രാജ്യത്ത് സമ്പദ്‌സ്ഥിതി മെച്ചമെന്ന് ഉറപ്പാക്കി ഇറക്കുമതിയും കൂടി. സ്വർണം ഇറക്കുമതിയിലെ വർദ്ധന 254 ശതമാനമാണ്.

വായ്‌പ ആവശ്യമുണ്ട്

തിരിച്ചടവ് ഉറപ്പാകുമ്പോഴാണ് സാധാരണ വായ്‌പാ വിതരണം കൂടാറുള്ളത്. ഇക്കാര്യം ഉറപ്പിക്കുന്ന കണക്കുകളാണ് ബാങ്കുകൾ നൽകുന്നത്. 2019 മേയിൽ മൊത്തം വായ്‌പാ വിതരണം 96.2 ലക്ഷം കോടി രൂപയായിരുന്നു. ഈ സെപ്‌തംബറിൽ 109.6 ലക്ഷം കോടി രൂപ.

വ്യവസായക്കുതിപ്പ്

ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായ മേഖല ആഗസ്‌റ്റിൽ കുറിച്ചത് 11.6 ശതമാനം വളർച്ച. കൽക്കരി, സിമന്റ്, പ്രകൃതിവാതകം എന്നിവയുടെ മികച്ച ഡിമാൻഡ് നേട്ടമായി.

ഇന്ധനത്തിന് നല്ല ഡിമാൻഡ്

വില സർവ റെക്കാഡും തകർത്ത് കുതിക്കുകയാണെങ്കിലും ഇന്ധനത്തിന് നല്ല ഡിമാൻഡാണ്. സെപ്‌തംബറിൽ ഡിമാൻഡ് വളർച്ച 5.2 ശതമാനം. പെട്രോൾ വില്പന ആറു ശതമാനം കൂടി. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019 സെപ്‌തംബറിനേക്കാൾ 9.5 ശതമാനം അധികവുമാണിത്. ഡീസൽ വില്പനയിൽ 1.7 ശതമാനം കുറവുണ്ട്. എന്നാൽ, വൈകാതെ ഇത് കൊവിഡിന് മുമ്പത്തേക്കാൾ മികച്ചനിലയിലെത്തിയേക്കും.

 എൽ.പി.ജി ഉപഭോഗ വളർച്ച 4.5 ശതമാനം.

 ക്രൂഡോയിൽ ഇറക്കുമതി 5-മാസത്തെ ഉയരത്തിൽ

തൊഴിലില്ലായ്‌മ താഴേക്ക്

ആഗസ്‌റ്റിൽ 8.32 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. സെപ്‌തംബറിൽ ഇത് 6.86 ശതമാനമായി താഴ്‌ന്നു. 85 ലക്ഷം പുതിയ തൊഴിലുകൾ സെപ്‌തംബറിൽ സൃഷ്‌ടിക്കപ്പെട്ടു.

നാണയപ്പെരുപ്പവും

ഉപഭോക്തൃ ഡിമാൻ‌‌ഡും

റീട്ടെയിൽ നാണയപ്പെരുപ്പം സെപ്‌തംബറിൽ 4.35 ശതമാനമെന്ന ആശ്വാസതലത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. മൊത്തവില നാണയപ്പെരുപ്പം 10.66 ശതമാനത്തിലേക്കും താഴ്‌ന്നു. തൊഴിലില്ലായ്മ കുറയുകയും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുകയും ചെയ്‌തെങ്കിലും ഉപഭോക്തൃവിപണിയിൽ വലിയ കുതിപ്പില്ല. ഇതിന്, നാണയപ്പെരുപ്പം ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, നാണയപ്പെരുപ്പം താഴുന്നതിനാൽ വരുംമാസങ്ങളിൽ ഉപഭോഗം കൂടിയേക്കും. ഉത്സവകാലവും കരുത്താകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, INDIA GDP, GDP GROWTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.