SignIn
Kerala Kaumudi Online
Monday, 05 October 2026 11.32 PM IST

ലൈഫ് മിഷനും തുണയ്ക്കില്ല: ഭവന നിർമ്മാണ സഹായമില്ലാതെ മത്സ്യതൊഴിലാളികൾ

house

കണ്ണൂർ:ലൈഫ് മിഷനിൽ അപേക്ഷിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഭവന നിർമ്മാണത്തിനുള്ള സഹായം ലഭിക്കാതെ മത്സ്യ തൊഴിലാളികൾ.നിലവിൽ ജില്ലയിൽ 500 ഒാളം മത്സ്യതൊഴിലാളികളുടെ അപേക്ഷയാണ് ലൈഫ് പദ്ധതിയിൽ കെട്ടികിടക്കുന്നത്.ഇവരിൽ പലരും മൂന്നും നാലും വർഷം അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ്.ഇവരുടെ അപേക്ഷ പരിഗണിച്ചതായി പോലും അറിവില്ലാത്ത സ്ഥിതിയാണ്.

കൊവിഡ് പ്രതിസന്ധി കൂടി വന്നതോടെ കഴിഞ്ഞ രണ്ട് വർഷമായി തുടർനടപടികൾ പാടെ സ്തംഭിച്ചിരിക്കുകയാണെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു.ഫിഷറീസ് വകുപ്പ് വഴി മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതികൾ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.നേരത്തെ ഫിഷറീസ് വഴി മത്സ്യതൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതികൾ വിഭാനം ചെയ്തിരുന്നു.ഈ പദ്ധതികളിലൂടെ ജില്ലയിൽ ഒരു വർഷം 500 മത്സ്യതൊഴിലാളികൾക്കെങ്കിലും ഗുണഫലം ലഭിച്ചിരുന്നു.എന്നാൽ ലൈഫ് മിഷൻ ആരംഭിച്ചതോടു കൂടി ഇത്തരം പദ്ധതികളെല്ലാം ഒഴിവാക്കി.

ലൈഫ് മിഷനിൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായതിനാൽ മത്സ്യതൊഴിലാളികൾക്ക് പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ല.2017 ൽ തയ്യാറാക്കിയ പദ്ധതി ലിസ്റ്റിൽ എസ്.സി .എസ്.ടി ,മത്സ്യ തൊഴിലാളികൾ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് പരാതി ഉയർന്നിരുന്നു.ഇതെ തുടർന്ന് ഒരു റേഷൻ കാർഡിന് ഒരു ഭവനം മാത്രമേ അനുവദിക്കുകയുള്ളുവെന്ന മാനദണ്ഡവും ഭൂമിയുടെ പരിധിയും ഈ വിഭാഗങ്ങൾക്ക് ഒഴിവാക്കി കൊണ്ട് 2020 ൽ പുതിയ ലിസ്റ്റുണ്ടാക്കി.കഴിഞ്ഞ വർഷം ഒാൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിരുന്നെങ്കിലും അത് മത്സ്യതൊഴിലാളി വിഭാഗത്തിന് കാര്യമായ പ്രയോജനമുണ്ടാക്കിയിട്ടില്ല.

പുനർ നിർമ്മാണത്തിനും പദ്ധതികളില്ല

വീട് പുനർ നിർമ്മാണത്തിനും ഫിഷറീസ് വഴി പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ല.2017 ന് ശേഷം നാല് വർഷമായി റിപ്പയറിംഗ് സ്കീമെല്ലാം നിർത്തിയിട്ടാണുള്ളത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭവന നിർമ്മാണം പാതിവഴിയിലുപേക്ഷിച്ച മത്സ്യതൊഴിലാളികൾ നിരവധിയാണ്.കാലവർഷക്കെടുതിയിലും മറ്റുമായി നിരവധി മത്സ്യതൊഴിലാളികളുടെ വീട് തകർന്നിട്ടുണ്ടെങ്കിലും പലർക്കും ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ല.

ലൈഫ് മിഷൻ വന്നതോടു കൂടി ഫിഷറീസ് വഴി നൽകിയിരുന്ന ഭവന നിർമ്മാണസ്കീമുകളെല്ലാം നിർത്തി ലൈഫ് മിഷന്റെ ഭാഗമാക്കുകയാണുണ്ടായത്.ഫിഷറീസ് വഴിയാകുമ്പോൾ ഒരു വർഷത്തേക്ക് നിശ്ചിത ഭവനം മത്സ്യ തൊഴിലാളികൾക്ക് ലഭിക്കും.മുൻകാലങ്ങളിലുള്ള പോലെ ഫിഷറീസ് വകുപ്പ് വഴി മത്സ്യതൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതികൾ തയ്യാറാക്കണം.

എ.ടി.നിഷാന്ത് ,ജില്ലാ പ്രസിഡന്റ്,മത്സ്യതൊഴിലാളി കോൺഗ്രസ് പ്രദേശ്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL