ഒന്നാം ടെസ്റ്റ് -ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 345ന് പുറത്ത്
ശ്രേയസ് അയ്യർക്ക് സെഞ്ചുറി
സൗത്തിക്ക് 5 വിക്കറ്റ്
വിക്കറ്റ് കളയാതെ ന്യൂസിലൻഡ് ഓപ്പണർമാർ
കാൺപൂർ: ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്കെതിരെ ആധിപത്യം നേടി ന്യൂസിലൻഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 345 റൺസ് പിന്തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലൻഡ് രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തേ കളിയവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് നേടിയിട്ടുണ്ട്. അർദ്ധ സെഞ്ച്വറി നേടി ഓപ്പണർമാരായ ടോം ലതാമും (50), വിൽ യംഗും (75) ക്രീസിൽ തുടരുകയാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 216 റൺസ് മാത്രം പിന്നിലാണ് കിവീസ്. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് സന്ദർശക ടീമിന്റെ ഓപ്പണർമാർ ടെസ്റ്റിൽ ഇന്ത്യയിൽ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.
258/4 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 87 റൺസ് കൂടികൂട്ടിച്ചേർക്കുന്നതിനിടെ ബാക്കി വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. അരങ്ങേറ്റക്കാരൻ ശ്രേയസ് അയ്യറുടെ സെഞ്ച്വറിയായിരുന്നു രണ്ടാം ദിനം ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്.171പന്ത് നേരിട്ട ശ്രേയസ് 13 ഫോറും 2 സിക്സും ഉൾപ്പെടെ 105 റൺസാണ് എടുത്തത്. ഇന്ത്യയ്ക്കായി അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 16-ാമത്തെ താരമാണ് ശ്രേയസ്. 157 പന്തിലാണ് ശ്രേയസ് സെഞ്ച്വറി തികച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. 56 പന്തിൽ 38 റൺസ് നേടിയ ആർ.അശ്വിനാണ് അയ്യർക്ക് പുറമെ ഇന്നലെ ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങിയത്. രാവിലെതന്നെ രവീന്ദ്ര ജഡേജയുടെ (50) കുറ്റിതെറിപ്പിച്ചാണ് സൗത്തി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പകരമെത്തിയ വൃദ്ധിമാൻ സാഹയേയും (1) വന്ന പോലെ സൗത്തി മടക്കി. അധികം വൈകാതെ ശ്രേയസും സൗത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അക്സറിേയും (3) സൗത്തി മടക്കി. അശ്വിൻ, പട്ടേലിന്റെ പന്തിൽ ക്ലീൻബൗൾഡായി. ലാസ്റ്റ് മാൻ ഇഷാന്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി പട്ടേൽതന്നെ ഇന്ത്യൻ ഇന്നിംഗ്സിന് തിരശ്ശീലയിട്ടു. എന്നാൽ കിവി ബൗളർമാർ നിറഞ്ഞാടിയ പിച്ചിൽ ഇന്ത്യൻ ബൗളർമാർ നിരാശരാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലതാമും യംഗും ഇന്ത്യൻ ബൗളർമാർക്ക് അവസരം നൽകാതെ മുന്നേറി.
ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ
ദക്ഷിണാഫ്രിക്കയിൽ അപകടകാരിയായ കൊവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ അങ്ങോട്ടുള്ള പര്യടനം അനിശ്ചിതത്വത്തിൽ. അടുത്തമാസമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നിശ്ചയിച്ചിരുന്നത്. സാഹചര്യങ്ങൾ പടിച്ച ശേഷമേ ദക്ഷിണാഫ്രിക്കയിലേക്ക് ടീമിനെ അയക്കുകയുള്ളൂവെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇന്ത്യ എടീം ഇപ്പോൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ്. അതേസമയം ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുന്ന നെതർലൻഡ്സ് ടീം പരമ്പരയിൽ നിന്ന് പിന്മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |