ജില്ലാതല അഭിമുഖങ്ങൾ ഇന്ന് മുതൽ കൊല്ലം ഓഫീസിൽ
കൊല്ലം: ജില്ലയിലെ വിവിധ ഷോർട്ട് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും തലസ്ഥാനത്തെ ആസ്ഥാനത്തേക്ക് മാറ്റിയ തീരുമാനം പി.എസ്.സി പിൻവലിച്ചു. ഇന്ന് മുതൽ ആണ്ടാമുക്കത്തെ ജില്ലാ ഓഫീസിൽ അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും പുനരാരംഭിക്കും. അഭിമുഖത്തിനെത്തുന്ന പി.എസ്.സി അംഗങ്ങൾക്ക് താമസിക്കാൻ സൗകര്യമില്ലെന്ന മുടന്തൻ ന്യായം പറഞ്ഞാണ് കൊല്ലത്ത് നടക്കേണ്ട അഭിമുഖങ്ങൾ തലസ്ഥാനത്തേക്ക് മാറ്റിയത്. ഇക്കാര്യങ്ങൾ കേരളകൗമുദി റിപ്പോർട്ട് ചെയ്തതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പി.എസ്.സി തീരുമാനം മാറ്റിയത്.
ആശ്രാമം ഗസ്റ്റ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പി.എസ്.സി അംഗങ്ങൾക്ക് തങ്ങാൻ ഇടമില്ലെന്നായിരുന്നു ന്യായം. അതോടൊപ്പം കൊല്ലം നഗരഹൃദയത്തിൽ സർക്കാർ നിയന്ത്രണത്തിൽ റസ്റ്റ് ഹൗസുള്ളകാര്യം മറച്ചുവയ്ക്കുകയും ചെയ്തു.
എൽ.പി സ്കൂൾ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ ആണ് ആദ്യം തലസ്ഥാനത്തേക്ക് മാറ്റിയത്. അഭിമുഖത്തിന് മുമ്പുള്ള സർട്ടിഫിക്കറ്റ് പരിശോധന രാവിലെ ഏഴരയ്ക്ക് ആരംഭിക്കും. അതുകൊണ്ട് തന്നെ അഭിമുഖത്തിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾ തലേദിവസമേ തലസ്ഥാനത്ത് എത്തേണ്ട അവസ്ഥയായിരുന്നു. തീരുമാനം വിവാദമായതോടെ എൽ.പി.എസ്.എയുടെ ആദ്യ ഏഴ് ദിവസത്തെ ഇന്റർവ്യൂ തലസ്ഥാനത്ത് വച്ച് നടത്തിയ ശേഷം ബാക്കിയുള്ളവർ മാറ്റിവച്ചു. നിരവധി ജില്ലാ ഷോർട്ട് ലിസ്റ്റുകൾ തയ്യാറായെങ്കിലും കഴിഞ്ഞ ഒന്നരമാസമായി കൊല്ലത്ത് വച്ച് ഇന്റവ്യൂകളൊന്നും നടത്തിയിരുന്നില്ല. ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
ഭിന്നശേഷിക്കാർക്ക്
പ്രത്യേക സൗകര്യം
വിവിധ ആവശ്യങ്ങൾക്കെത്തുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക്
പി.എസ്.ജി ജില്ലാ ഓഫീസിനോട് ചേർന്ന് പ്രത്യേക സൗകര്യം ക്രമീകരിച്ചു. പി.എസ്.സി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക മുറി പി.എസ്.സി വാടകയ്ക്കെടുത്തു. ആണ്ടാമുക്കത്തെ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാമത്തെ നിലയിലാണ് ജില്ലാ പി.എസ്.സി ഓഫീസ്. നാലാമത്തെ നിലയിലാണ് മേഖല ഓഫീസ്. ഭിന്നശേഷിക്കാർ ഓഫീസിന്റെ പടികൾ കയറിയിറങ്ങി വർഷങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു.
'' ജില്ലയിലെ ഭിന്ന ശേഷിക്കാരായ ഉദ്യോഗാർത്ഥികൾ വർഷങ്ങളായി നേരിടുന്ന പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന അടക്കം ഇവർക്കുള്ള എല്ലാ കാര്യങ്ങൾക്കും ജില്ല പി.എസ്.സി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.''
എസ്.എ സെയിഫ്
പി.എസ്.സി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |