പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചെക്കാലക്കോണം ഹരിജൻ കോളനിയിലെ കുടുംബങ്ങൾക്കായി ആവിഷ്കരിച്ച കുടിവെള്ള പദ്ധതി ആമ്പൽക്കുളമായി കാടു കയറിയ നിലയിൽ. കോളനി നിവാസികൾ ഇപ്പോഴും കിലോമീറ്ററുകൾ നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.
90 - 95 ൽ ബ്ലോക്ക് പഞ്ചായത്ത് പച്ച ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനോട് ചേർന്നുള്ള കുളത്തിൽ പമ്പ് സ്ഥാപിച്ച് ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി ഇവിടെ എത്തിക്കാനായിരുന്നു പദ്ധതിയിട്ടത്. അന്ന് സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് പമ്പും ടാങ്കും സ്ഥാപിച്ചെങ്കിലും ക്രമേണ രണ്ടും അപ്രത്യക്ഷമായി.
2015 - 2016 ൽ കുടിവെള്ളത്തിനായി നാട്ടുകാരുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് 21 ലക്ഷം രൂപ അനുവദിച്ച് വീണ്ടും കുടിവെള്ള പദ്ധതിക്ക് ജീവൻ കൊടുത്തു. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് വീണ്ടും നിശ്ചലമായി.
ഉദ്ഘാടനം നടത്തുന്നതിന് മുൻപ് തന്നെ കുളത്തിൽ സ്ഥാപിച്ച പമ്പ് കേടായി. കുളം പൂർണമായും പായൽ മൂടിയ നിലയിലുമായി. നിരവധി പ്രതിഷേധങ്ങളെ തുടർന്ന് നന്ദിയോട് പഞ്ചായത്ത് പമ്പ് നന്നാക്കാനായി 60,000 രൂപ കൂടി അനുവദിച്ചെങ്കിലും നിർമ്മാണ അപാകതയെ തുടർന്ന് നിലവിൽ പമ്പ് സ്ഥാപിക്കാനും കഴിയാത്ത സ്ഥിതിയാണ്. ഈ സ്ഥിതി തുടർന്നാൽ കുടിവെള്ളം എന്നത് ചെക്കാലക്കോണത്തുക്കാർക്ക് സ്വപ്നം മാത്രമായി അവശേഷിക്കും. ഒരു നാടിന്റെ കുടിവെള്ളമെന്ന ആഗ്രഹം നാശത്തിലാക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും കരാർ കമ്പനിക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പദ്ധതി പാളാൻ കാരണം
കുളത്തിനുള്ളിൽ 15 അടി താഴ്ചയിൽ കിണർ ഉറ ഇറക്കി പമ്പ് സ്ഥാപിച്ചാണ് ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നത്. കിണറിനകത്തെ വെള്ളം പുറത്തേക്കോ പുറത്തെ വെള്ളം കിണറിനകത്തേക്കോ കടക്കാൻ പാടില്ലെന്ന് പദ്ധതിയുടെ എഗ്രിമെന്റിൽ പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കിലും അതും നടപ്പിലായില്ല. കുളത്തിലെ ചെളി മാറ്റാത്തതിനാൽ ചെളിവെള്ളമാണ് ടാങ്കിലെത്തുന്നത്.
ആർക്കും ഉപകാരമില്ലാതെ
കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനും, ഈ പ്രദേശത്തെ കൃഷിക്കാർക്ക് ആവശ്യമായ ജലത്തിനായും ആശ്രയിക്കുന്ന കുളം ഈ കുടിവെള്ള പദ്ധതിയോടെ അനാഥമായി. കുടിവെള്ളത്തിനായി പുനർനിർമ്മിച്ച കുളത്തിൽ നാട്ടിലെ കുട്ടികൾ കുളിക്കാനിറക്കുന്നു എന്ന ഒറ്റ കാരണത്താൽ വീണ്ടും 7 ലക്ഷം കൂടി ചിലവഴിച്ച് ഫെൻസിംഗ് സ്ഥാപിച്ചു. അതോടെ ആർക്കും കുളത്തിലിറങ്ങാൻ കഴിയാതെയായി. നിലവിൽ ഈ സ്ഥലം കാടുകയറി ഇഴജന്തുക്കളുടെ താവളമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |