തിരുവനന്തപുരം: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ ഭാര്യ പ്രഭയുടെ സഹോദരീപുത്രിയായ സഞ്ജന ജോൺ വളർന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരം പൂജപ്പുരയിലാണ്. അമ്മ ശശി എബ്രഹാം തിരുവനന്തപുരത്തുകാരിയാണ്. അച്ഛൻ അലക്സാണ്ടർ കൊച്ചിയിലും.
ചെന്നൈ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സഞ്ജന സഹോദരനും അമേരിക്കൻ സെലിബ്രിറ്റി ഫാഷൻ ഡിസൈനറുമായിരുന്ന ആനന്ദ് ജോണിന്റെ പാത പിന്തുടർന്നാണ് അമേരിക്കയിലെത്തിയത്. ആനന്ദ് ജോൺ ബ്രാൻഡിന്റെ മാർക്കറ്റിംഗ് കൺസൾട്ടന്റായിരിക്കെ ആഭരണങ്ങൾ ഡിസൈൻ ചെയ്താണ് തുടക്കം. ആനന്ദിന്റെ നിരന്തരമായ പ്രോത്സാഹനം സഞ്ജനയുടെ മനസിൽ ഡിസൈനുകളുടെ വേലിയേറ്റമൊരുക്കി. ആനന്ദ് പീഡനക്കേസിൽ 59 വർഷത്തെ തടവ്
ശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോൾ സഞ്ജന സ്ഥാപനം ഏറ്റെടുത്തു. ഡിസൈനിംഗ് കല സ്വായത്തമാക്കിയതോടെ ഡൽഹിയിൽ ഒരു വസ്ത്ര നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. 2004ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ താരങ്ങൾക്ക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതോടെ ഫാഷൻ ലോകം സഞ്ജനയെ അംഗീകരിച്ചു.
2006 സെപ്തംബറിൽ ന്യൂയോർക്ക് ഫാഷൻ വീക്കിൽ സ്വന്തമായി രൂപകല്പന ചെയ്ത സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ അവതരിപ്പിച്ചതോടെ മുൻനിര സെലിബ്രിറ്റി ഫാഷൻ ഡിസൈനർമാരിലൊരാളായി.
ബോളിവുഡ് താരം സൽമാൻഖാന്റെ ക്ഷണമനുസരിച്ച് 2007ൽ ഇന്ത്യയിലും സഞ്ജന ഫാഷൻ ഷോ നടത്തിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ധനശേഖരണാർത്ഥമായിരുന്നു അത്.
മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന സഞ്ജനയും ബിസനസുകാരിയായ അമ്മ ശശി എബ്രഹാമും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മകൾ ഇവാൻക ട്രംപ്, മുൻ ലോകസുന്ദരിമാർ തുടങ്ങിയവർ സഞ്ജനയുടെ വസ്ത്രങ്ങളണിഞ്ഞ് ലോകശ്രദ്ധയാകർഷിച്ചവരിൽ ചിലരാണ്. അമേരിക്കയിലെ കിംഗ്സ് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |