SignIn
Kerala Kaumudi Online
Thursday, 19 September 2024 7.55 AM IST

ഓർമ്മയിൽ ഒളി മങ്ങാതെ

Increase Font Size Decrease Font Size Print Page
2021

പോയ വർഷം ലോക കായികവേദിയിൽ നിന്ന് ആരാധകരുടെ മനസിൽ പതിഞ്ഞ ഓർമ്മച്ചിത്രങ്ങൾ

മെസിയുടെ കണ്ണീർ

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കണ്ണീർ വർഷമായിരുന്നു 2021. ആദ്യം, കാത്തിരുന്നു നേടിയ കിരീടത്തിന്റെ ആനന്ദക്കണ്ണീരായിരുന്നെങ്കിൽഅടുത്തത് മനസ്സുരുകുന്ന വിടവാങ്ങലിന്റെ സങ്കടക്കണ്ണീരായിരുന്നു. ജൂലായ് 10ന് മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെ തോൽപിച്ച് അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയപ്പോൾ മെസ്സി ഒരു കൊച്ചു കുട്ടിയെപ്പോലെ വിതുമ്പി.കിരീടം ആകാശത്തേക്കുയർത്തി മറഡോണയ്ക്ക് സമർപ്പിച്ചു.

ആഗസ്റ്റിൽ മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോന വിട്ടതും കണ്ണീരോടെയാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മെസിയുടെ വിടവാങ്ങൽ ആരാധകരും ഉൾക്കൊണ്ടത്. പതിമൂന്നാം വയസ്സിൽ ബാർസയിലെത്തിയ മെസ്സി രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം തീർത്തും അപ്രതീക്ഷിതമായാണ് ബാർസ വിട്ട് പാരീസ് എസ്.ജിയിലെത്തിയത്.

എറിക്സണിന്റെ വീഴ്ച

യൂറോ കപ്പ് ഫുട്ബോളിൽ ജേതാക്കളായത് ഇറ്റലിയാണെങ്കിലും ഫുട്ബോൾ ആരാധകരുടെ മനസ്സ് കീഴടക്കിയത് ഡെന്മാർക്കായിരുന്നു. ഫിൻലൻഡിനെതിരെയുള്ള മത്സരത്തിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ തങ്ങളുടെ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്‌സന് സമചിത്തതയോടെ പ്രഥമശുശ്രൂഷ നൽകിയാണ് അവർ ജീവിതത്തിലേക്കു തിരിച്ചു വിളിച്ചത്. ഫിൻലൻഡ് കളിക്കാരും ആരാധകരും അതിനു കൂട്ടുനിന്നപ്പോൾ ലോകം മനസ്സു നിറഞ്ഞ് കയ്യടിച്ചു. മൈതാനത്തേക്ക് ഓടിയെത്തിയ എറിക്സന്റെ ജീവിതപങ്കാളി സബ്രീനയെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച ഡാനിഷ് ക്യാപ്റ്റൻ സൈമൺ കായറിന്റെ ഈ ചിത്രംമായാത്ത ഓർമ്മയായി.

വേഗവീരൻ മാക്സ്

എട്ടാം കിരീടവും ലോക റെക്കോർഡും ലക്ഷ്യമിട്ട മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടനെ സീസണിലെ അവസാന ഗ്രാൻപ്രിയിലെ അവസാന ലാപ്പിൽ പിന്നിലാക്കി റെ‍ഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വെഴ്സ് സ്റ്റപ്പൻ കന്നിക്കിരീടം ചൂടിയത് പോയ വർഷത്തെ ഏറ്റവും ഉജ്വലമായ കായികമുഹൂർത്തങ്ങളിലൊന്നായി.

അബുദാബി ഗ്രാൻപ്രിക്കു മുൻപ് പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു ഇരുവരും. ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന്റെ ഏഴ് കിരീടങ്ങൾക്കൊപ്പം നിൽക്കുന്ന ഹാമിൽട്ടന് ഈ മത്സരത്തിൽ ജയിച്ചിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ ഫോർമുല വൺ കിരീടം എന്ന റെക്കോർഡ് ഒറ്റയ്ക്കു സ്വന്തമാക്കാമായിരുന്നു.

സുവർണ സൗഹൃദം...

സ്വർണപ്പകിട്ടുള്ള ഒരു സുഹൃദ് ബന്ധത്തിന്റെ ഇതിഹാസമാണ് ഖത്തറിന്റെ മുതാസ് ഇസാ ബർഷിമും ഇറ്റലിയുടെ ജിയാൻ മാർക്കോ ടംബേരിയും ടോക്കിയോ ഒളിംപിക്സിൽ തീർത്തത്. പുരുഷ ഹൈജമ്പിൽ സ്വർണ മെഡൽ പങ്കു വയ്ക്കാൻ ഇരുവരും തീരുമാനിച്ചപ്പോൾ പിറന്നത് ഒളിമ്പിക്സിലെ അപൂർവസംഭവം.

2.37 മീറ്ററാണ് ഇരുവരും ഫൈനലിൽ താണ്ടിയ ഉയരം. സ്വർണ മെഡൽ ജേതാവിനെ തിരഞ്ഞെടുക്കാൻ ജമ്പ് ഓഫ്‌ വേണ്ടി വരും എന്നതിൽനിന്നുമാണ് സ്വർണം പങ്കുവയ്ക്കാം എന്ന തീരുമാനത്തിലേക്ക് സുഹൃത്തുക്കൾ കൂടിയായ ഇരുവരും എത്തിച്ചേർന്നത്.

എമ്മ മഹാറാണി

2021ലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ മാറ്റുരച്ചത് ബ്രിട്ടന്റെ പതിനെട്ടുകാരി എമ്മ റാഡുകാനുവും കാനഡയുടെ പത്തൊൻപതുകാരി ലെയ്‌ല ഫെർണാണ്ടസും. 6-4, 6-3 എന്ന സ്കോറിന് ജയിച്ച് എമ്മ കിരീടം ചൂടി. യോഗ്യതാ റൗണ്ട് കളിച്ചെത്തി ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ താരം എന്ന നേട്ടവും എമ്മ സ്വന്തമാക്കി. തുടരെ 10 മത്സരങ്ങളിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് എമ്മയുടെ കന്നിക്കിരീടം.

മനക്കരുത്തിന്റെ നവോമി

വിജയങ്ങൾക്കും കിരീടങ്ങൾക്കുമപ്പുറം വാർത്തകളിൽ നിറഞ്ഞു നിന്നു ജാപ്പനീസ് വനിതാ ടെന്നിസ് താരം നവോമി ഒസാക്ക. മാനസികാരോഗ്യം വീണ്ടെടുക്കാനായി നവോമി ആരാധകരെയും സംഘാടകരെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് ഫ്രഞ്ച് ഓപ്പണിൽനിന്നു പിന്മാറി. യുഎസ് ഓപ്പണിൽ കറുത്ത വർഗക്കാരുടെയും അഭയാർഥികളുടെയും പേരുകളെഴുതിയ മാസ്‌ക്കുകൾ അണിഞ്ഞു മത്സരിച്ച ഒസാക്കയ്ക്കു പിന്തുണയായി കായികലോകം ഒന്നാകെയെത്തി. ടോക്കിയോ ആതിഥ്യമരുളിയ ഒളിംപിക്സിനു ദീപം കൊളുത്താൻ ജപ്പാൻ തിരഞ്ഞെടുത്തത് ഒസാക്കയെത്തന്നെ. ഓസ്ട്രേലിയൻ ഓപ്പൺ മത്സരത്തിനിടെ ഒസാക്കയുടെ മുഖത്ത് ഒരു ചിത്രശലഭം വന്നിരിക്കുന്നത് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ അതും ഒരു മനോഹര കാഴ്ചയായി.

അതിർത്തികൾ മായ്ച്ച സൗഹൃദം

ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിനു തോറ്റെങ്കിലും മത്സരശേഷം പാക്കിസ്ഥാൻ ഓപ്പണർ മുഹമ്മദ്‌ റിസ്‌വാനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ഇന്ത്യൻ ക്യാപ്ടൻ വിരാട് കോലിയുടെ ചിത്രം ഈ വർഷം സമൂഹമാധ്യമങ്ങളിൽ ഏറ്റവും പ്രചരിക്കപ്പെട്ട ചിത്രങ്ങളിലൊന്നായി. ഒരു ലോകകപ്പ് മത്സരത്തിൽ ഇതാദ്യമായാണ് പാക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

കോലിയുടെ അർധ സെഞ്ചുറിയിൽ ഇന്ത്യ കുറിച്ച 151 റൺസ് ക്യാപ്റ്റൻ ബാബർ അസം, റിസ്‌വാൻ എന്നിവരുടെ അപരാജിതമായ സെഞ്ചുറി കൂട്ടുകെട്ടിൽ പാക്കിസ്ഥാൻ മറികടന്നു. ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്തായ ലോകകപ്പിൽ ജേതാക്കളായത് ഓസ്ട്രേലിയ.

ജോക്കോയുടെ സ്വപ്നഭംഗം

വർഷാദ്യം മുതൽ ഉജ്വലഫോമിലായിരുന്ന ജോക്കോവിച്ച് ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ എന്നിവ നേടി കലണ്ടർ ഗ്രാൻസ്‍ലാമിന്റെ അരികലെത്തിയതാണ്.

എന്നാൽ യുഎസ് ഓപ്പൺ ഫൈനലിൽ ഡാനിൽ മെദ്‌വദേവിനോടു തോറ്റതോടെ ആ സ്വപ്നം പൊലിഞ്ഞു. നേരത്തേ ടോക്കിയോ ഒളിംപിക്സ് സെമിഫൈനലിൽ അലക്സാണ്ടർ സ്വരേവിനോടു തോറ്റതോടെ അത്യപൂർവമായ ഗോൾഡൻ സ്‌ലാം സ്വപ്നവും ജോക്കോ കൈവിട്ടിരുന്നു. തോൽവികളിൽ നിയന്ത്രണം വിട്ട് പലവട്ടം റാക്കറ്റ് എറിഞ്ഞുടച്ചും ജോക്കോ തലക്കെട്ടുകളിൽ ഇടം പിടിച്ചു.

പട്ടേലിന്റെ പത്ത്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവമായ ഒരു നേട്ടത്തിനും 2021 സാക്ഷ്യം വഹിച്ചു. ടെസ്റ്റിലെ ഒരു ഇന്നിംഗ്സിൽ പത്തിൽ പത്തു വിക്കറ്റും വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം താരമായി ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലായിരുന്നു മുംബയ്‌യിൽ ജനിച്ച് ന്യൂസിലാൻഡിലേക്കു കുടിയേറിയ അജാസിന്റെ നേട്ടം.

47.5 ഓവറിൽ 119 റൺസിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്ത്തിയത്. ഇംഗ്ലണ്ട് താരം ജിം ലേക്കറും (1956) ഇന്ത്യൻ താരം അനിൽ കുംബ്ലെയും (1999) മാത്രമാണ് ഈ നേട്ടം മുൻപ് കൈവരിച്ചവർ. അജാസിന്റെ അപൂർവ നേട്ടത്തിനിടയിലും മത്സരം ഇന്ത്യ 372 റൺസിനു ജയിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, 2021
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.