കൊച്ചി: പ്രൊഫ. എം.കെ. സാനുവിന്റെ ഏറ്റവും വലിയ സവിശേഷത മറ്റുള്ളവരെക്കുറിച്ചുള്ള കരുതലാണെന്ന് ജസ്റ്റിസ് എസ്. സിരിജഗൻ പറഞ്ഞു.
സാനുമാഷിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് അധികമാർക്കും അറിയില്ല. ഇതുവരെ രചിക്കപ്പെട്ട ജീവചരിത്രങ്ങളിലൊന്നും അതേക്കുറിച്ച് പരാമർശിച്ചിട്ടുമില്ല. ഇനിയും ആരെങ്കിലും സാനുമാഷിന്റെ ജീവചരിത്രം എഴുതുകയാണെങ്കിൽ മാഷിന്റെ ജീവകാരുണ്യം കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പകാലത്ത് സാനുമാഷിന്റെ വീടിന്റെ മുകൾ നിലയിൽ മാതാപിതാക്കളോടൊപ്പം വാടകയ്ക്ക് താമസിച്ച അവിസ്മരണീയാനുഭവം പങ്കുവച്ചുകൊണ്ടാണ് ജസ്റ്റിസ് സിരിജഗൻ പ്രസംഗം തുടങ്ങിയത്.
'എം.കെ.സാനു മൊഴിയും മൗനവും' എന്നപേരിൽ സാനുമാഷിന്റെ ശിഷ്യൻ അഡ്വ.എം.കെ. ശശീന്ദ്രൻ എഴുതി കൊച്ചി പ്രബോധ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മാഷിന്റെ മറ്റൊരു ശിഷ്യനും സഹപ്രവർത്തകനുമായിരുന്ന പ്രമുഖ സാഹിത്യ നിരൂപകൻ പ്രൊഫ.എം. തോമസ് മാത്യു ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. എറണാകുളം സഹോദര സൗധത്തിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് എസ്. സിരിജഗൻ, ഡോ. കെ.ജെ. പൗലോസിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ശ്രീനാരായണസേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ. സാനു അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊഫ.എം. തോമസ് മാത്യു, പ്രബോധ പബ്ലിക്കേഷൻസ് ഡയറക്ടർ ഡോ. വിനോദ് കുമാർ കല്ലോലിക്കൽ എന്നിവർ സംസാരിച്ചു. ശ്രീനാരായണ സേവാസംഘം സെക്രട്ടറി പി.പി. രാജൻ സ്വാഗതവും ഗ്രന്ഥകർത്താവ് അഡ്വ.എം.കെ. ശശീന്ദ്രൻ നന്ദിയും പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് കെ. സുകുമാരൻ ഉൾപ്പെടെ പ്രമുഖർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |