SignIn
Kerala Kaumudi Online
Thursday, 21 May 2026 11.00 PM IST

പൊന്നിൻ ഇറക്കുമതിക്ക് ഇരട്ടിയിലേറെ തിളക്കം

gold

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണ്ണം ഇറക്കുമതി നടപ്പുവർഷം (2021-22) ഏപ്രിൽ-ഡിസംബറിൽ രേഖപ്പെടുത്തിയത് ഇരട്ടിയിലേറെ വളർച്ച. ആഭ്യന്തര വിപണിയിൽ ഡിമാൻഡേറിയ പശ്ചാത്തലത്തിൽ 3,800 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഏപ്രിൽ-ഡിസംബറിൽ നടന്നത്. 2020-21ലെ സമാനകാലത്ത് ഇറക്കുമതിച്ചെലവ് 1,678 കോടി ഡോളറായിരുന്നു.

ഡിസംബറിൽ മാത്രം 480 കോടി ഡോളറിന്റെ ഇറക്കുമതി നടന്നു. 2020 ഡിസംബറിൽ ഇറക്കുമതി 450 കോടി ഡോളറിന്റേതായിരുന്നു. ഏപ്രിൽ-ഡിസംബറിൽ വെള്ളി ഇറക്കുമതി മുൻവർഷത്തെ സമാനകാലത്തെ 76.2 കോടി ഡോളറിൽ നിന്ന് 200 കോടി ഡോളറിലേക്കും ഉയർന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി. ലോകത്ത് ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ സ്വർണ്ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ആഭരണ നിർമ്മാണത്തിനാണ് പ്രധാനമായും ഇന്ത്യ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നത്.

ശ്രദ്ധതിരിക്കണം ആഭ്യന്തര 'സ്വർണത്തിലേക്ക്"

സ്വർണ്ണം ഇറക്കുമതിക്ക് വൻതുക ചെലവിടുന്നത് ഇന്ത്യയുടെ കമ്മിഭാരം ഉയർത്തുന്നുണ്ട്. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി ഏപ്രിൽ-ഡിസംബറിൽ 6,138 കോടി ഡോളറിൽ നിന്നുയർന്ന് 14,244 കോടി ഡോളറായി. വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമായ കറന്റ് അക്കൗണ്ട് കമ്മി കൂടാനും സ്വർണ്ണ ഇറക്കുമതി വർദ്ധന കാരണമായിട്ടുണ്ട്. സെപ്‌തംബർപാദത്തിൽ ഇത് ജി.ഡി.പിയുടെ 1.3 ശതമാനമാണ്.

 ഇന്ത്യയ്ക്കാവശ്യമുള്ള സ്വർണ്ണം ആഭ്യന്തരതലത്തിൽ നിന്നുതന്നെ കണ്ടെത്തി കമ്മിഭാരം കുറയ്ക്കണമെന്ന നിർദേശം വ്യാപാരികളും സാമ്പത്തിക വിദഗ്ദ്ധരും മുന്നോട്ടുവയ്ക്കുന്നുണ്ട്.

 ഇന്ത്യയിലെ വീടുകളിൽ 25,000 ടണ്ണിലേറെ സ്വർണ്ണമുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. സ്വർണാഭരണ വിപണിക്കും നിക്ഷേപകർക്കും രാജ്യപുരോഗതിക്കും ഉപകാരപ്രദമാകുംവിധം ഈ ശേഖരം ഉപയോഗപ്പെടുത്താനുള്ള മാർഗം കേന്ദ്രം ആവിഷ്‌കരിക്കണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

റെക്കാഡുകളുടെ 2021

ഇന്ത്യയിലേക്കുള്ള സ്വർണ്ണം ഇറക്കുമതി 2021 കലണ്ടർ വർഷത്തിൽ 1,050 ടണ്ണിലെത്തി. കഴിഞ്ഞദശാബ്ദത്തിലെ ഏറ്റവും ഉയരമാണിത്. 2020ൽ ഇറക്കുമതി 430 ടണ്ണായിരുന്നു. 2021ൽ ഇറക്കുമതിച്ചെലവ് എക്കാലത്തെയും ഉയരമായ 5,570 കോടി ഡോളറാണ്. 2020ൽ ചെലവ് 2,200 കോടി ഡോളറായിരുന്നു. 2011ലെ 5,390 കോടി ഡോളറിന്റെ റെക്കാഡ് പഴങ്കഥയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, GOLD, GOLD IMPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360