വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നതിനിടയിൽ നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു. 'ടെലിപ്രോംപ്റ്റിന് പോലും അത്തരം നുണകൾ സഹിക്കാനായില്ല.'എന്നായിരുന്നു രാഹുലിന്റെ പരിഹാസം. ഇതിന് പിന്നാലെ ട്വിറ്ററിൽ ടെലിപ്രോംപ്റ്റർ പിഎം എന്ന ഹാഷ്ടാഗ് വൈറലാവുകയും ചെയ്തു. ഈ സംഭവത്തിൽ മോദിയെ പരിഹസിക്കുന്നവർക്ക് മറുപടി നൽകുകയാണ് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. പ്രധാനമന്ത്രി അന്താരാഷ്ട്ര വേദികളിൽ പ്രസംഗിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും അല്ലാതെ ബിജെപിക്ക് വേണ്ടിയല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പറയുന്ന കാര്യത്തോട് ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ അന്താരാഷ്ട്ര വേദികളിൽ എഴുതി തയ്യാറാക്കിയ പ്രസംഗം പേപ്പറിൽ നോക്കിയോ ടെലി പ്രോംപ്റ്റർ സഹായത്താലോ അവതരിപ്പിക്കും . അതാണ് കീഴ്വഴക്കവും പതിവും .
രാഹുൽ ഗാന്ധിയുടെ പിതാവും മുത്തശ്ശിയുമെല്ലാം എഴുതി വായിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാണ് . രാജ്യത്തിൻറെ പ്രധാനമന്ത്രി അന്താരാഷ്ട്ര വേദികളിൽ പ്രസംഗിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ് . ഇന്നലെ പ്രസംഗം തടസ്സപ്പെട്ടപ്പോഴും അദ്ദേഹം ഇന്ത്യയെക്കുറിച്ചായിരുന്നു പ്രസംഗിച്ചിരുന്നത് . ബിജെപിയെക്കുറിച്ചായിരുന്നില്ല .
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും രാജ്യത്തിന് ഒരു പ്രതിസന്ധി വന്നപ്പോൾ ഐക്യരാഷ്ട്ര സഭയിൽ പോയി പ്രസംഗിച്ച് രാജ്യത്തെ വിജയിപ്പിച്ചു വന്ന അടൽ ബിഹാരി വാജ്പേയിയെ ഈ നിമിഷം സ്മരിക്കുന്നു . രാഹുൽ ഗാന്ധിയിൽ നിന്ന് ആ സംസ്കാരം പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |