'കേരളകൗമുദി' ചൂണ്ടിക്കാട്ടിയ പിഴവുകൾ തിരുത്തി
മേൽനോട്ട ചുമതല ഡി.ഐ.ജിമാരുടെ സെല്ലുകൾക്ക്
തിരുവനന്തപുരം: രാഷ്ട്രീയ സ്വാധീനത്താൽ വിലസി നടന്ന 350 ഗുണ്ടാത്തലവന്മാരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി. ഇവരെ 'കാപ്പ ' (ഗുണ്ടാനിയമം) ചുമത്തി നാടുകടത്താൻ പൊലീസ് നടപടി തുടങ്ങി. ഗുണ്ടാ ബന്ധമുള്ള 500 മയക്കുമരുന്ന് വിതരണക്കാരെയും ഉടൻ ഗുണ്ടാലിസ്റ്റിൽ പെടുത്തും. ഗുണ്ടാലിസ്റ്റ് പുതുക്കാനും ഏഴ് വർഷത്തെ കേസ് ചരിത്രം ശേഖരിക്കാനും ഗുണ്ടാവിരുദ്ധ ഓപ്പറേഷൻ നയിക്കുന്ന അഡി. ഡി.ജി.പി മനോജ് എബ്രഹാം ഉത്തരവിട്ടു.
രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തുന്നില്ലെന്നും കേസ് വിവരങ്ങൾ തെറ്റിച്ച് ഗുണ്ടകളെ രക്ഷിക്കുന്നതായും 'കേരളകൗമുദി' വാർത്തകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി. ഗുണ്ടാലിസ്റ്റുണ്ടാക്കുന്ന ചുമതല റേഞ്ച് ഡി.ഐ.ജിമാരുടെ സെല്ലുകൾക്കും നൽകി. രാഷ്ട്രീയ-മാഫിയ സമ്മർദ്ദം കാരണം ഗുണ്ടാലിസ്റ്റിൽ പഴുതുകൾ ഒഴിവാക്കാനാണിത്.
ഗുണ്ടകളുടെ കേസ് ചരിത്രം സ്റ്റേഷനുകളിൽ ഇല്ലാത്ത അവസ്ഥയ്ക്കും പരിഹാരമായി. സ്റ്റേഷനുകളിൽ ഈ വിവരങ്ങൾ സൂക്ഷിക്കാനും നാടുകടത്തുന്ന ഗുണ്ടകളെ സ്ഥിരമായി നിരീക്ഷിക്കാനും സംവിധാനമുണ്ടാക്കുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം 'കേരളകൗമുദി'യോട് പറഞ്ഞു.
ഗുണ്ടാനിയമം ചുമത്താനുള്ള 200 അപേക്ഷകളിൽ കളക്ടർമാർ തീരുമാനമെടുത്തിരുന്നില്ല. പൊലീസിന്റെ ആവശ്യപ്രകാരം ചീഫ്സെക്രട്ടറി കളക്ടർമാരുടെ യോഗം വിളിച്ച് നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. ഗുണ്ടാലിസ്റ്റിലുള്ള 500പേരെ ഐ.ജിമാർ നാടുകടത്തിയിട്ടുണ്ട്. ഇവർ സ്വന്തം ജില്ലയിൽ പ്രവേശിക്കരുത്. ഇത് പാലിച്ചില്ലെങ്കിൽ ആറുമാസം കരുതൽതടങ്കലിലാക്കും. വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കാനെന്നും മറ്റും പറഞ്ഞ് ഗുണ്ടകൾ ശിക്ഷ ഇളവ് നേടുന്നതൊഴിവാക്കാൻ കേസ് നടത്തിപ്പ് ശക്തമാക്കും. കോട്ടയത്ത് 19കാരനെ കൊലപ്പെടുത്തി സ്റ്റേഷനിൽ കൊണ്ടിട്ട പ്രതി ശിക്ഷ ഇളവ് നേടിയത് അമ്മയുടെ അസുഖം പറഞ്ഞായിരുന്നു.
"എല്ലാ സ്റ്റേഷനുകളിലെയും ഗുണ്ടാലിസ്റ്റ് ഉടൻ പുതുക്കും. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെയും കാപ്പ ചുമത്തും."
-മനോജ് എബ്രഹാം
അഡി. ഡി.ജി.പി
ഗുണ്ടാനിയമം ചുമത്താൻ
ക്രിമിനലുകളുടെ 7വർഷത്തെ കേസുകൾ പരിഗണിക്കും.
സി.ആർ.പി.സി 170 പ്രകാരം കേസെടുക്കും.
ജില്ലാമജിസ്ട്രേറ്റിന് ഒരുവർഷം വരെ ഇവരെ നാടുകടത്താം.
നല്ലനടപ്പും ഫലിച്ചില്ലെങ്കിൽ ഒരുവർഷം കരുതൽ തടങ്കലിലാക്കും.
കാപ്പ എന്നാൽ
സമൂഹത്തിന് ഭീഷണിയാവുന്ന കൊടുംകുറ്റവാളികളെ തുറങ്കിലടയ്ക്കാനുള്ള നിയമം.
കാപ്പയിൽ ആരൊക്കെ
കൊള്ളപ്പലിശക്കാർ, വസ്തുക്കൾ തട്ടിയെടുക്കുന്നവർ, ഹവാല ഇടപാടുകാർ, ഗുണ്ടാപ്പിരിവുകാർ, അനാശ്യാസക്കാർ, ഗുണ്ടകൾ, ബ്ലേഡ്-മണൽ മാഫിയ, കള്ളനോട്ടടിക്കാർ, മയക്കുമരുന്ന്-വ്യാജമദ്യ ഇടപാടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |