കേപ്‌ടൗൺ: ഓപ്പണർ ക്വിന്റൺ ഡി കോക്ക് നേടിയ സെഞ്ചുറിയുടെ ബലത്തിൽ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക 44 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 256 റണ്ണെടുത്തിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ കെ എൽ രാഹുൽ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
ക്യാപ്ടന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഭേദപ്പെട്ട തുടക്കമാണ് ബൗളർമാർ ഇന്ത്യക്ക് നൽകിയത്. ദക്ഷിണാഫ്രിക്കയുടെ സ്കോർ എട്ടിൽ എത്തിയപ്പോൾ തന്നെ ദീപക് ചഹാർ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു. രണ്ടാം ഏകദിനത്തിൽ തകർത്ത് കളിച്ച ഓപ്പണർ ജന്നെമാൻ മലാനെ ചഹാറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പിടികൂടുകയായിരുന്നു. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്ന ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 70-3 എന്ന അവസ്ഥയിലായിരുന്നു. ക്യാപ്ടൻ ടെംബ ബാവുമ (8), എയിഡൻ മാർക്ക്റാം (15) എന്നിവരാണ് പുറത്തായത്.
അവിടെനിന്ന് ഡി കോക്കും (124) റാസി വാൻ ദെർ ദുസനും (52) ചേന്നാണ് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 144 റൺസ് കൂട്ടിച്ചേർത്ത് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നു.