കീവ് : ഇന്നലെ നടന്ന യുക്രെയിൻ - റഷ്യ നാലാം ഘട്ട ചർച്ച ഇന്ന് വീണ്ടും തുടരും. ചർച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രെയിൻ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചു. യുക്രെയിൻ സമയം ഇന്നലെ രാവിലെ 10.30 മുതലാണ് വീഡിയോ കോൺഫറൻസിലൂടെ ചർച്ച തുടങ്ങിയത്. യുക്രെയിനിൽ റഷ്യ അടിയന്തരമായി വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും റഷ്യൻ സൈന്യം പിന്മാറണമെന്നും യുക്രെയിൻ പ്രതിനിധി മിഖൈലോ പോഡോലിയാക് അറിയിച്ചിരുന്നു.
എന്നാൽ, സൈനിക നടപടി തുടരുമെന്നും യുക്രെയിൻ പോരാട്ടം നിറുത്തിയാൽ മാത്രമേ തങ്ങൾ പിന്മാറൂ എന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്നലെ വ്യക്തമാക്കിയത്. മുമ്പ് നടന്ന മൂന്നു ചർച്ചകളും ഫലം കാണാതെ പിരിയുകയായിരുന്നു.
സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നേരിട്ടുള്ള ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ദൗത്യമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെ ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |