SignIn
Kerala Kaumudi Online
Friday, 26 April 2024 8.09 PM IST

മുണ്ഡനം ചെയ്ത ദുഃഖങ്ങൾ

psc

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സർക്കാർ ജീവനക്കാരെ ഓർമ്മിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുപോലെ തന്നെയാണ് പലവിഷയങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ. എല്ലാവർക്കും പറയാൻ ഇതുവരെ എങ്ങുമെത്താതെ പോയ ജീവിതത്തിന്റെ കഥകളുണ്ട്. സർക്കാരിന്റെ സത്വരശ്രദ്ധ പതിയാനാണ് ഭരണസിരാകേന്ദ്രത്തിനു കൺമുന്നിൽ വന്ന് സമരം ചെയ്യുന്നത്. പക്ഷേ സർക്കാർ ഇതൊക്കെ ശ്രദ്ധിക്കണമെങ്കിൽ സമരം അക്രമാസക്തമാകുന്ന നിലയിലേക്ക് വഴിതിരിയേണ്ടിവരും. അച്ചടക്കത്തോടെ സത്യഗ്രഹസമരം ചെയ്യുന്നവർക്ക് നീതികിട്ടാൻ ഏറക്കാലം കാത്തിരിക്കേണ്ടിയും വരും.

മലപ്പുറം സിവിൽസ്റ്റേഷനു മുന്നിൽ 92 ദിവസം രാപ്പകൽ നിരാഹാരസമരം നടത്തിയ ശേഷമാണ് മലപ്പുറം കേന്ദ്രമായി അപേക്ഷിക്കുകയും പരീക്ഷ എഴുതുകയും ചെയ്ത ലോവർ പ്രൈമറി സ്കൂൾ ടീച്ചേഴ്സ് ( എൽ.പി.എസ്.ടി,516/2019 ) ഉദ്യോഗാർത്ഥികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹ സമരത്തിനെത്തിയത്. 10 ദിവസമായി അവർ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നു. പെൺകുട്ടികളാണ് ഭൂരിഭാഗവും. അതിലൊരു പെൺകുട്ടി സമരത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കാനായി തലമുണ്ഡനം ചെയ്തു. ഒരു പെൺകുട്ടി മുടി മൊട്ടയടിക്കുന്നത് എത്രമാത്രം ദു:ഖഭാരത്തോടെയാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പക്ഷേ അധികാരികൾ അത് കണ്ടതായി തോന്നുന്നില്ല. കണ്ടെങ്കിൽത്തന്നെ കാര്യമായി എടുത്തതുമില്ല.

മലപ്പുറം ജില്ലയിൽ മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ സ്കൂളുകൾ കൂടുതലുണ്ട്. ഒഴിവുകൾ കൂടുമെന്നതിനാൽ മറ്റു ജില്ലക്കാരും മലപ്പുറത്തെ ഒഴിവിലേക്ക് അപേക്ഷിക്കുകയും പരീക്ഷയെഴുതുകയും ചെയ്യും . ഇതുവരെ എഴുനൂറിലധികം ഒഴിവുകൾ എൽ.പി അദ്ധ്യാപക വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടുകൊല്ലമായി സ്റ്റാഫ് ഫിക്സേഷനോ എച്ച്.എം പ്രൊമോഷനോ നടന്നിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു. ഇത് കൃത്യമായി നടന്നാൽ 1500ൽപ്പരം ഒഴിവുകളുണ്ടാകും. ഒഴിവുകളുടെ മൂന്നിരട്ടി മുതൽ അഞ്ചിരട്ടിവരെ,അല്ലെങ്കിൽ കഴിഞ്ഞ എൽ.പി അദ്ധ്യാപകരുടെ നിയമന ശുപാർശയുടെ മൂന്നിരട്ടി മുതൽ അഞ്ചിരട്ടിവരെ, ഇതിൽ ഏതാണോ വലുത് അത് പരിഗണിക്കണമെന്ന് പി.എസ്.സിയുടെ സർക്കുലറിൽ പറയുന്നുണ്ടെന്നാണ് സമരക്കാരുടെ വാദം. വിജ്ഞാപനം വന്ന സമയത്ത് മലപ്പുറം ജില്ലയിൽ 398 ഒഴിവുകളാണ് ഉണ്ടായിരുന്നത്. നിയമന ശുപാർശ 1181 ഉം. അപ്പോൾ വലിയസംഖ്യ നിയമന ശുപാർശയുടേതാണ്. അതിനാൽ സർക്കുലർ പ്രകാരം ലിസ്റ്റിടുകയാണെങ്കിൽ 3543 പേർ ലിസ്റ്റിലുണ്ടാകണമെന്ന് സമരക്കാരുടെ കൺവീനർ ദിവ്യ പറയുന്നു. ആ സ്ഥാനത്ത് മലപ്പുറത്ത് ഇട്ടത് 997 പേരുടെ ഷോർട്ട് ലിസ്റ്റാണ്. ഈ ലിസ്റ്റിൽ നിന്ന് ഇന്റർവ്യൂ നടത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. കഴിഞ്ഞതവണയും ഇതേ അവസ്ഥയായിരുന്നു. ഒഴിവുകൾക്കാനുപാതികമായ ലിസ്റ്റിടാത്തതിനാൽ മൂന്നുവർഷത്തേക്കുള്ള ലിസ്റ്റിൽ ഏഴുമാസംകൊണ്ട് നിയമനം പൂർത്തിയായി. ലിസ്റ്റിലെ ഒരാളെ മാത്രം നിയമനം കൊടുക്കാതെ വച്ച് ലിസ്റ്റ് നീട്ടിക്കൊണ്ടുപോയിയെന്നും ദിവ്യ പറയുന്നു. ലിസ്റ്റ് തീർന്നതോടെ താത്ക്കാലിക അദ്ധ്യാപകരെ വച്ചാണ് എല്ലാ സ്കൂളുകളും പ്രവർത്തിക്കുന്നത്.

ഒരുപാട് ഒഴിവുകളുള്ളതിനാൽ കുറച്ചുപേരുടെ ലിസ്റ്റ് ഇടുകയെന്ന സമീപനമാണ് പി.എസ്.സി സ്വീകരിക്കുന്നതെന്ന് സമരക്കാർ ആരോപിക്കുന്നു. ഷോട്ട്ലിസ്റ്റിൽപ്പോലും ഇടംകിട്ടാത്തവരാണ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നത്. വിഷയം പ്രതിപക്ഷനേതാവ് നിയമസഭയിൽ ഉന്നയിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. പ്രതിപക്ഷനേതാവിന് നൽകിയ മറുപടി തെറ്റിദ്ധാരണാജനകമാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. കുഞ്ഞുകുട്ടി പരാധീനങ്ങൾ ഉള്ളവരായതിനാൽ ബാച്ച് ബാച്ചായിട്ടാണ് സമരത്തിനെത്തുന്നത്. തിരുവനന്തപുരത്ത് താമസിക്കുക എളുപ്പമല്ല. കൈയ്യിലുള്ള പണം ഷെയർ ചെയ്താണ് സമരം. വിജയം വരെയും സമരം ചെയ്യും എന്നാണ് ഇവരും പറയുന്നത്.

കേരളത്തിലെ എല്ലാജില്ലകളിലും നിലവിലുള്ള പി.എസ്.സി പഞ്ചായത്ത് ലൈബ്രറേറിയൻ (കാറ്റഗറി നമ്പർ 539/2016) റാങ്ക് ഹോൾഡർമാരായ പെൺകുട്ടികളും കഴിഞ്ഞ ഇരുപത് ദിവസമായി സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുകയാണ്. ഗ്രേഡ് 4 റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും താത്ക്കാലിക ജീവനക്കാർ പഞ്ചായത്ത് ലൈബ്രറേറിയൻമാരായി തുടരുന്നത് അവസാനിപ്പിക്കുകയും, റാങ്ക്ലിസ്റ്റിൽ നിന്ന് നിയമനം നടത്തുകയും വേണമെന്നാണ് ഇവരുടെ ആവശ്യം. ലൈബ്രററി സയൻസിൽ ബിരുദവും ബിരുദാനന്തരബിരുദവും പിഎച്ച്.ഡിയുമുള്ളവർ കാത്തിരിക്കുമ്പോഴാണ് യോഗ്യതയില്ലാത്തവർ അവസരം തട്ടിയെടുക്കുന്നതെന്ന് സമരക്കാർ ആരോപിക്കുന്നു. കേരളത്തിലെ വടക്കൻജില്ലകളിൽ നിന്നടക്കമുള്ളവർ സമരത്തിനെത്തിയിട്ടുണ്ട്. സമരം വിജയിക്കുമോ എന്നവർക്ക് അറിയില്ല. ഭാവിയിൽ ആശ്രയമാകേണ്ട ജോലി അർഹത നേടിയിട്ടും കിട്ടാതെപോകുമോയെന്ന ആശങ്ക അവരുടെയല്ലാം മുഖത്തുണ്ട്.

സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങളോട് പി.എസ്.സിക്കൊരു മറുപടി പറയാൻ ഉണ്ടാകും. പക്ഷേ സഹാനുഭൂതിയോടെ ശ്രമിച്ചാൽ അർഹതയുള്ള പലരും തെരുവിൽ തൊഴിലിനായി അലയേണ്ടി വരില്ല.

സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരങ്ങളെ സർക്കാർ മുമ്പ് കാര്യമായി ഗൗനിച്ചിരുന്നു. ഇപ്പോൾ അത്രയും ശ്രദ്ധ കിട്ടുന്നുണ്ടോയെന്ന് സംശയമാണ്. 1957 ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് കയർത്തൊഴിലാളികളെ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ സമരത്തിന് പാർട്ടിയുടെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് പ്രമുഖ സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞിരുന്നു. ഭരണവും സമരവും ഒരുമിച്ചുകൊണ്ടുപോകുന്നതിൽ അപാകതയില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് പറഞ്ഞതിനാലാണ് ആനന്ദൻസഖാവിന് പാർട്ടി മെമ്പർഷിപ്പ് നഷ്ടമാകാതിരുന്നത്. സമരക്കാരുടെ ആവശ്യം സർക്കാർ അന്ന് അംഗീകരിക്കുകയും ചെയ്തു.

സെക്രട്ടേറിയറ്റിലെ തിരക്കിട്ട ജോലികൾക്കിടയിൽ അല്പം സമയംകണ്ടെത്തി സമരക്കാരുടെ ആവശ്യങ്ങൾകൂടി ശ്രദ്ധിക്കാൻ മന്ത്രിമാർ തയ്യാറാകണം. സെക്രട്ടേറിയറ്റിനു മുന്നിൽ ഇങ്ങനെ അനിശ്ചിതമായി സമരങ്ങൾ നീണ്ടുപോകുന്നത് നിർഭാഗ്യകരമാണ്. പണ്ട് ഇവിടെ ഒരുപാട് മുദ്രാവാക്യങ്ങൾ വിളിക്കുകയും സമരം ഇരിക്കുകയും പൊലീസിന്റെ ലാത്തിയടിയേൽക്കുകയുമൊക്കെ ചെയ്തവരാണ് ഇപ്പോൾ മന്ത്രിമാരായിട്ടുള്ള പലരും. ആ ഓർമ്മകളുണ്ടായിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM, PSC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.