ന്യൂഡൽഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 22 യുട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. 18 ഇന്ത്യൻ ചാനലുകർക്കും നാല് പാകിസ്ഥാൻ ചാനലുകളുമാണ് നിരോധിച്ചത്. 2021ലെ ഐ.ടി നിയമപ്രകാരമാണ് നടപടി. ഇതിന് പുറമെ 3 ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്സൈറ്റ് എന്നിവയും വിലക്കി. എല്ലാ ചാനലുകൾക്കുമായി 260 കോടി സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാൻ യുട്യൂബ് ചാനലായ ഹഖീഖത് ടി.വിക്ക് മാത്രം 1,46,84,10,797 കാഴ്ചക്കാരാണുണ്ടായിരുന്നത്. ഈ ചാനലുകൾ ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, ജമ്മു കാശ്മീർ, ഇന്ത്യൻ സൈന്യം തുടങ്ങിയ വിഷയങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
യുക്രെയിൻ സംഭവവുമായി ബന്ധപ്പെടുത്തി ഈ ചാനലുകൾ പുറത്ത് വിട്ട കാര്യങ്ങൾ വിദേശബന്ധം തകർക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. വാർത്തകൾ ആധികാരികമാണെന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഇന്ത്യയിലെ ജനപ്രിയ ചാനലുകളുടെ ലോഗോയും അവതാരകരുടെ ചിത്രങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |