തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ താളിയോല കൈയെഴുത്തു പ്രതി മ്യൂസിയം തലസ്ഥാനത്ത് ഒരുങ്ങുന്നു. സംസ്ഥാന പുരാരേഖാ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്തെ ഫോർട്ടിലുള്ള സെൻട്രൽ ആർക്കൈവിലാണ് മ്യൂസിയം തയ്യാറാക്കുന്നത്. ആറ് മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി മ്യൂസിയം തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. കേരള പൈതൃകത്തിന്റെ ഭാഗമായ പുരാതന കൈയെഴുത്തുപ്രതികൾ കൂടുതൽ പഠിക്കാനും ജനകീയമാക്കാനും ഈ മ്യൂസിയം സഹായകമാകുമെന്നാണ് അധികൃതരുടെ അഭിപ്രായം. നിലവിൽ പുരാരേഖ വകുപ്പിന്റെ കീഴിലുള്ള കൈയെഴുത്തുപ്രതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന നടപടി 60 ശതമാനം പൂർത്തിയായി. സംസ്ഥാന സർക്കാർ ഏജൻസിയായ കേരള മ്യൂസിയമാണ് ഈ പാം ലീഫ് ഡോക്യൂ മ്യൂസിയം രൂപകല്പന ചെയ്യുന്നത്.
താളിയോല മ്യൂസിയത്തിൽ എന്തൊക്കെ
വേണാട് കാലത്തെ ഭരണപരമായ രേഖകളും, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ രാഷ്ട്രീയ - സാമൂഹിക രേഖകളും ഉൾപ്പെടെ പുരാരേഖാ വകുപ്പിൽ ലഭ്യമായ ഒരു കോടിയിലധികം താളിയോല കൈയെഴുത്തുപ്രതികളുടെ അപൂർവ ശേഖരം മ്യൂസിയത്തിലുണ്ടാകും. വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ എന്നിവയുൾപ്പെടെയുള്ള പുരാതന അക്ഷരമാലകൾ ഉൾക്കൊള്ളുന്ന കൈയെഴുത്തുപ്രതികളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ഈ പുരാതന ലിപികളുടെ ഉള്ളടക്കം സന്ദർശകർക്ക് വായിക്കാനും മനസിലാക്കാനുമായി ഇവയുടെ വിവർത്തനവും മ്യൂസിയത്തിൽ ലഭ്യമാക്കും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങൾ, താളിയോല സ്ക്രിപ്റ്റുകൾ, മതിലകം ഡോക്യുമെന്റുകൾ തുടങ്ങി പഴയ സർക്കാർ ഗസറ്റ്, ബ്രിട്ടീഷ് ഭരണ റിപ്പോർട്ടുകൾ എന്നിവ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരാതന കാലഘട്ടങ്ങളിൽ ഇറങ്ങിയ ഉത്തരവുകൾ, ഭൂമി ഇടപാടുകളുടെ രേഖകൾ, കോടതി രേഖകൾ എന്നിവയുൾപ്പെടെയുള്ള ഭരണപരമായ രേഖകളാണ് ഭൂരിഭാഗം താളിയോല കൈയെഴുത്തുപ്രതികളും. ഈ രേഖകൾ ഡിജിറ്റിലൈസ് ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഓരോ നൂറ്റാണ്ടിലും ഉപയോഗിച്ചിരുന്ന പദങ്ങളും വാക്കുകളും ഭാഷയിലും രചനാശൈലിയിലുള്ള മാറ്റങ്ങളും ചരിത്ര - ഭാഷാ പഠന വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാകും.
പുരാരേഖകൾ സംരക്ഷിക്കാൻ നടപടികൾ അനവധി
ആർക്കൈവ് ഡോക്യുമെന്റുകളുടെ പ്രാദേശികവത്കരണം ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി ആർക്കൈവ്സ് സ്കീമും ഉടൻ അവതരിപ്പിക്കും. ആർക്കൈവ് ഡോക്യുമെന്റുകൾ കൈവശമുള്ളതും എന്നാൽ അവ വകുപ്പിന് കൈമാറാൻ തയ്യാറല്ലാത്തതുമായ വ്യക്തികൾക്ക് കമ്മ്യൂണിറ്റി ആർക്കൈവ്സ് സ്കീം ഉപയോഗിച്ച് പുരാരേഖകൾ സംരക്ഷിക്കാം. ആർക്കൈവുകൾ ഗവേഷകർക്കും ചരിത്രകാരന്മാർക്കും വേഗത്തിൽ കൈമാറുന്നതിന് ആവശ്യമായ വിഷയ സൂചികയും സമയബന്ധിതമായി തയ്യാറാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |