വെള്ളറട: മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന നാലംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പഴുതൂർ കീളിയോട് തോട്ടവിളാകത്ത് പുത്തൻ വീട്ടിൽ നിന്ന് മാമ്പഴക്കര പഞ്ഞിക്കുഴി വാടകയ്ക്ക് താമസിക്കുന്ന രാഖിയാണ് (23) വെള്ളറട പൊലീസിന്റെ പിടിയിലായത്.
നിലമാംമൂട് നന്ദനം ഫിനാൻസിൽ ഒരു മാസം മുൻപ് മുക്കുപണ്ടം പണയം വച്ച് 48000 രൂപ തട്ടിയെടുത്തിരുന്നു. കാറിലെത്തിയാണ് നാലംഗസംഘം തട്ടിപ്പ് നടത്തുന്നത്. നിലമാംമൂട്ടിൽ പണം തട്ടിപ്പ് നടത്തിയ ദിവസം തന്നെ മാരായമുട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലും ഈ സംഘം മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും പിടികിട്ടാനുണ്ട്. ഇവർക്കായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |