പ്രതിരോധ ഇടപാടിന് ഓപ്പൺ ലൈസൻസ്
ദീപാവലിക്ക് മുമ്പ് സ്വതന്ത്ര വ്യാപാര കരാർ
മോദി സവിശേഷ സുഹൃത്തെന്ന് ബോറിസ്
ന്യൂഡൽഹി: ഇന്ത്യയ്ക്കായി പ്രഖ്യാപിച്ച പ്രത്യേക കയറ്റുമതി ലൈസൻസിലൂടെ പ്രതിരോധ പങ്കാളിത്തം ശക്തമാക്കാനും സ്വതന്ത്ര വ്യാപാര കരാർ ദീപാവലിക്ക് മുമ്പ് നടപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്നലെ ഹൈദരാബാദ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.
ആഗോള സ്ഥിതിഗതികൾ അതിവേഗം മാറുന്ന സാഹചര്യത്തിൽ ബൃഹത്തായ പ്രതിരോധ പങ്കാളിത്തമാണ് ലക്ഷ്യം. ബ്യൂറോക്രസിയുടെ ഇടപെടലും കാലതാമസവും ഇല്ലാതെ ബ്രിട്ടീഷ് പ്രതിരോധ സമാഗ്രികൾ ഇറക്കുമതി ചെയ്യാനായി ഓപ്പൺ ജനറൽ എക്സ്പോർട്ട് ലൈസൻസ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഇൻഡോ - പസിഫിക് മേഖലയിൽ ആദ്യമായി ഇന്ത്യയ്ക്കാണ് ബ്രിട്ടൻ ഓപ്പൺ ലൈസൻസ് അനുവദിക്കുന്നത്.
യുക്രെയിനിൽ വെടിനിറുത്തലിന് ഇരുനേതാക്കളും ആഹ്വാനം ചെയ്തു. യുക്രെയിനിലെ മനുഷ്യാവകാശ ലംഘനങ്ങളിലും യുദ്ധ സാഹചര്യങ്ങളിലും ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി മോദി വിശദീകരിച്ചു. ഇന്തോ-പസഫിക് കടലിലെ ചൈനയുടെ ഭീഷണി നേരിടാൻ ബ്രിട്ടൻ ഇന്ത്യയ്ക്ക് പിന്തുണ നൽകും.
മോദിയെ 'ഖാസ് ദോസ്ത്' (സവിശേഷ സുഹൃത്ത് ) എന്ന് വിശേഷിപ്പിച്ച ബോറിസ് ജോൺസൺ ലോകത്തെ പഴയ ജധാധിപത്യരാജ്യവും വലിയ ജനാധിപത്യ രാജ്യവും തമ്മിൽ അടുത്ത കാലത്തെങ്ങും ഇത്രയേറെ അടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.
രാവിലെ രാഷ്ട്രപതിഭവനിൽ ബോറിസ് ജോൺസണ് ആചാരപരമായ വരവേൽപ് നൽകി. തുടർന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
മല്ല്യയ്ക്കും നീരവിനും ആനുകൂല്യമില്ല
ലണ്ടനിലെ നിയമം വഴി ഇന്ത്യയിലെ നിയമം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വിജയ് മല്ല്യ, നീരവ് മോഡി തുടങ്ങിയ സാമ്പത്തിക കുറ്റവാളികളെ കൈമാറുന്നത് സൂചിപ്പിച്ച് ബോറിസ് പറഞ്ഞു.
സ്വതന്ത്ര വ്യാപാര കരാറിൽ
ഇറക്കുമതിക്ക് കൂടുതൽ ഇളവുകൾ. തുണി, അരി കയറ്റുമതിക്ക് നേട്ടം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ഇന്ത്യയുടെ മേധാവിത്വം ബ്രിട്ടൻ ഉപയോഗപ്പെടുത്തും
ബ്രിട്ടന്റെ മെഡിക്കൽ ഉപകരണങ്ങൾക്ക് ഇന്ത്യ ഇളവു നൽകും
ബോറിസിന്റെ വാഗ്ദാനങ്ങൾ
കര-കടൽ-ആകാശ-സൈബർ ഭീഷണികളെ ചെറുക്കാൻ സഹകരണം
യുദ്ധ വിമാന സാങ്കേതിക വിദ്യാ കൈമാറ്റം
കടലിലെ ഭീഷണി ചെറുക്കാൻ മാരിടൈം സാങ്കേതിക വിദ്യ
കൊവിഷീൽഡ് മാതൃകയിൽ ശാസ്ത്ര സഹകരണം
മലേറിയ വാക്സിൻ, ഇലക്ട്രിക് വാഹനങ്ങളുടെ സംയുക്ത നിർമ്മാണം
ഒപ്പിട്ട കരാറുകൾ
ഏഴായിരം കോടിയുടെ ഗ്ളോബൽ ഇന്നോവേഷൻ പങ്കാളിത്തം
ആണവോർജ്ജ സഹകരണം
ബിർമിങ്ങാം സർവകലാശാലയുമായി സഹകരണം
ധനുഷ്ക്കോടിയിലും അയർലൻഡിലെ സെൽറ്റിക് കടലിലും കാറ്റിൽ നിന്ന് വൈദ്യുതി
അദാനി ഗ്രൂപ്പും ബ്രിട്ടീഷ് ഹൈക്കമ്മിഷനും ചേർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സ്കോളർപ്പിഷ്
ന്യൂ സ്പേസ് ഇന്ത്യയും വൺവെബും തമ്മിൽ ഉപഗ്രഹ വിക്ഷേപണ സഹകരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |