വാഷിംഗ്ടൺ : അടുത്ത മാസം ദക്ഷിണ കൊറിയ, ജപ്പാൻ സന്ദർശനത്തിന് ശേഷം ടോക്കിയോയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ക്വാഡ് നേതാക്കളുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ്. മേയ് 20 മുതൽ 24 വരെയാണ് ബൈഡൻ ദക്ഷിണ കൊറിയയിലും ജപ്പാനിലും ഉഭയകക്ഷി സന്ദർശനം നടത്തുന്നത്. ഇതിന് ശേഷമാണ് ക്വാഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയേയും യു.എസിനെയും കൂടാതെ ഓസ്ട്രേലിയയും ജപ്പാനുമാണ് ക്വാഡ് സഖ്യത്തിലെ മറ്റ് രാജ്യങ്ങൾ.
മേയ് 2 മുതൽ 4 വരെ നടക്കുന്ന യൂറോപ്യൻ പര്യടനത്തിന് ശേഷം പ്രധാനമന്ത്രി മോദി മേയ് 24ന് ടോക്കിയോയിലെത്തും. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളുമായും ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും ബൈഡൻ ഉഭയകക്ഷി ചർച്ചകൾ നടത്തുന്നുണ്ട്. ഇന്തോ - പസഫിക് മേഖലയിലെ സുരക്ഷയും സഹകരണവുമാണ് ചർച്ചയിൽ പ്രധാന അജണ്ടയാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |