തൃശൂർ: രാഷ്ട്രീയത്തിലും ആതുരസേവനത്തിലും മാത്രമല്ല ക്രിക്കറ്റിലും താൻ 'ജോറാണെന്ന് ' തെളിയിച്ച് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ്.
തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ഹൃദ്രോഗ വിദഗ്ദ്ധരുടെ ട്വന്റി - 20 മത്സരത്തിൽ കളിക്കാനിറങ്ങി ഒരു വിക്കറ്റുൾപ്പെടെ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചാണ് ജോ ജോസഫ് ക്രിക്കറ്റും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത്. മത്സരത്തിൽ ജോ ജോസഫിന്റെ മലബാർ ടസ്കേഴ്സ് ടീം മൂന്നു വിക്കറ്റിന് ട്രാവൻകൂർ ടൈഗേഴ്സിനെ പരാജയപ്പെടുത്തി. തൃശൂരിൽ നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് ഡോക്ടർമാരുടെ ട്വന്റി- 20 ക്രിക്കറ്റ് മത്സരം നടന്നത്.
വിയ്യൂരിലെ ടർഫിൽ ഇന്നലെ രാവിലെ ആറര മുതൽ ഒമ്പതു വരെയായിരുന്നു മത്സരം. ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത മലബാർ ടസ്കേഴ്സ് ടീമിനുവേണ്ടി ഒരോവർ ബൗൾ ചെയ്താണ് ഒരു വിക്കറ്റ് ഡോ. ജോ നേടിയത്. എൽ.ഡി.എഫ് തന്നിലൂടെ നിയമസഭയിൽ സെഞ്ച്വറിയടിക്കുമെന്നും വിജയം സുനിശ്ചിതമാണെന്നും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് കളി കഴിയും മുന്നേ അദ്ദേഹം തൃക്കാക്കരയിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |