ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെയും മകന്റെയും വീടുകളും ഓഫീസുകളും ഉൾപ്പെടെ ഏഴിടങ്ങളിൽ സിബിഐ റെയ്ഡ്. ഡൽഹി, മുംബയ്, ചെന്നൈ, തമിഴ്നാട് ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.
2010-14 കാലഘട്ടത്തിൽ വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വ്യാപക റെയ്ഡ് നടക്കുന്നത്. പി ചിദംബരം ധനമന്ത്രിയായിരിക്കെ 305കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതും ഐഎൻഎക്സ് മീഡിയയ്ക്ക് ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡ്(എഫ്ഐപിബി) അനുമതി നൽകിയതുമുൾപ്പെടെ നിരവധി കേസുകളിൽ കാർത്തി ചിദംബരത്തിനെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ലോക്സഭാ അംഗം കൂടിയാണ് കാർത്തി ചിദംബരം.