SignIn
Kerala Kaumudi Online
Saturday, 02 July 2022 4.48 PM IST

വികസനസ്വപ്നങ്ങളുടെ ചിറകിലേറി തുടർഭരണത്തിന്റെ ആദ്യവർഷം, പഞ്ഞമില്ലാതെ വിവാദങ്ങൾ

pinarayi-vijayan-

തിരുവനന്തപുരം: സിൽവർലൈൻ വികസന സ്വപ്നത്തിന്റെ ചിറകിലേറി പറക്കുന്നതിനൊപ്പം വിടാതെ പിന്തുടർന്ന വിവാദങ്ങളെയും ഒപ്പം കൂട്ടി രണ്ടാം പിണറായി സർക്കാർ അതിന്റെ ആദ്യവർഷം പൂർത്തിയാക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് തൊട്ട് തുടങ്ങിയ വിവാദങ്ങൾ സിൽവർലൈൻ കല്ലിടൽ വരെയായി പഞ്ഞമില്ലാതെ തുടരുന്നു. വികസന സ്വപ്നങ്ങൾക്ക് ധനപ്രതിസന്ധി വില്ലനാകുമോയെന്ന ശങ്ക ഒരുവശത്ത്. അതിനിടയിലും അതിദാരിദ്ര്യ ലഘൂകരണ സർവേയും നൂറുദിന കർമപരിപാടിയും കേന്ദ്രം വില്പനയ്ക്ക് വച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി പോലുള്ളവ ഏറ്റെടുത്ത് നടത്തുന്ന ബദൽസമീപനങ്ങളുമൊക്കെയായി ഇടതുബദൽ മുന്നോട്ട് വയ്ക്കാനുള്ള പരിശ്രമം സർക്കാർ നടത്തുന്നു. വിവാദങ്ങളൊന്നും ഭരണമുന്നണിയെയും സർക്കാരിനെയും ബാധിക്കാതിരിക്കാനുള്ള കരുതലും ഒന്നാംവർഷത്തിന്റെ പ്രത്യേകതയായി.

നാല്പത് വർഷത്തിനിടയിൽ തുടർഭരണമെന്ന ചരിത്രം സൃഷ്ടിച്ചാണ് കഴിഞ്ഞവർഷം മേയ് 20ന് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്.

തുടർഭരണത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ ഇടതുമുന്നണി സർക്കാരിന്റെ ആദ്യ പരീക്ഷണമാവുകയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. ഈ പരീക്ഷ എങ്ങനെയും വിജയിച്ച് അംഗസംഖ്യ നൂറിലേക്കുയർത്തി തുടർഭരണത്തിന്റെ മാറ്റ് കൂട്ടാനുള്ള കഠിനാദ്ധ്വാനത്തിലാണ് ഇടതുമുന്നണി. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനും ഒരു വർഷം പൂർത്തിയാക്കുമ്പോഴുള്ള ഈ ആദ്യപരീക്ഷണത്തിൽ മികവ് തെളിയിക്കണം. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ തൃക്കാക്കരയിൽ അതിന് കഴിഞ്ഞതവണത്തേക്കാൾ ഭൂരിപക്ഷമുയർത്താനവരും കിണഞ്ഞ് ശ്രമിക്കുന്നു.

കൊവിഡ് പ്രതിസന്ധികാലത്ത് സത്യപ്രതിജ്ഞാ ചടങ്ങ് ആഢംബരത്തോടെ നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം ആ ചടങ്ങ് ബഹിഷ്കരിക്കുന്നത് കണ്ടുകൊണ്ടായിരുന്നു രണ്ടാം പിണറായിസർക്കാരിന്റെ തുടക്കം. സർക്കാർ അധികാരമേറ്റയുടൻ പൊട്ടിപ്പുറപ്പെട്ടതായിരുന്നു വയനാട്ടിലെ മുട്ടിൽ മരംമുറിക്കേസ്. ഒന്നാം പിണറായിഭരണകാലത്തെ റവന്യുവകുപ്പിന്റെ ഉത്തരവ് മറയാക്കി വ്യാപകമായി സംരക്ഷിതമരങ്ങൾ മുറിച്ചുമാറ്റിയെന്നതായിരുന്നു കേസ്. ഇടതുഭരണത്തെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം തുടക്കത്തിലേ ഇതായുധമാക്കി. ക്രമേണ അത് കെട്ടടങ്ങിയെങ്കിലും ഒന്നിന് പിറകേ ഒന്നായി വിമർശനങ്ങളും ആരോപണങ്ങളും സർക്കാരിനെ തേടിയെത്തി. മുൻ ഭരണകാലത്തെ പോലെ ആരോപണങ്ങളെ ഗൗനിക്കാതെ നീങ്ങുകയെന്ന തന്ത്രമാണ് രണ്ടാം പിണറായിസർക്കാരും പുറത്തെടുക്കുന്നത്.

pinarayi-vijayan

പൊലീസിന്റെ വീഴ്ചകളാണ് ഒന്നാം പിണറായിഭരണകാലത്ത് ഏറെ പഴി കേൾപ്പിച്ചതെങ്കിൽ തുടർഭരണത്തിൽ അതിനേക്കാൾ ക്രമസമാധാനപാലനത്തിലെ വീഴ്ചകളാണ് കുഴപ്പമുണ്ടാക്കിയത്. ഗുണ്ടാ ആക്രമണങ്ങളും വർഗീയസ്വഭാവമുള്ള കൊലപാതകപരമ്പരകളുമെല്ലാം സർക്കാരിന്റെ ഉറക്കം കെടുത്തുന്നതായി. കണ്ണൂർ സർവകലാശാലാ വി.സിയുടെ പുനർനിയമനത്തിലടക്കം ഗവർണറും സർക്കാരും കൊമ്പുകോർത്തു. പേഴ്സണൽസ്റ്റാഫിനെ രാജ്ഭവനിൽ നിയമിക്കുന്നതിനെതിരായ സർക്കാരിന്റെ ഒളിയമ്പിൽ മുറിവേറ്റ ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പിടാതെ വൈകിപ്പിച്ച് സർക്കാരിനെ മുൾമുനയിൽ നിറുത്തി. മുല്ലപ്പെരിയാറിൽ മരംമുറിക്ക് തമിഴ്നാടിന് അനുമതി നൽകിയെന്ന വിവാദവും കത്തിക്കയറി.

ഒന്നാം പിണറായി ഭരണകാലത്ത് തോമസ് ചാണ്ടിയുടെ രാജിവിഷയത്തിൽ ഇടഞ്ഞ് മന്ത്രിസഭായോഗം വരെ സി.പി.ഐ മന്ത്രിമാർ ബഹിഷ്കരിച്ചെങ്കിൽ തുടർഭരണകാലത്ത് മുന്നണിയിൽ അസ്വാരസ്യങ്ങളില്ലെന്നത് ആശ്വാസമാണ്. എന്നാൽ, ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഓർഡിനൻസിനെതിരെ സി.പി.ഐ നേർക്കുനേർ വന്നത് വെല്ലുവിളിയായി. കണ്ണൂർ വി.സി പുനർനിയമനവിവാദത്തിലും സി.പി.ഐയിൽ നിന്ന് ഭിന്നസ്വരമുയർന്നു.

സിൽവർലൈനിനായി അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായുയർന്ന പ്രതിഷേധങ്ങളാണ് സർക്കാരിനെ വലച്ചത്. മുന്നണിയൊറ്റക്കെട്ടായാണ് പദ്ധതിക്കായി പ്രതിരോധം ചമച്ചതെങ്കിലും പാർട്ടികൾക്കകത്ത് പ്രതിഷേധങ്ങളെച്ചൊല്ലി ആശങ്കകളുയർന്നു. ഒടുവിൽ തർക്കസ്ഥലങ്ങളിലെ കല്ലിടലിൽ നിന്ന് പിന്മാറുന്നതിലേക്ക് സർക്കാർ വഴങ്ങി. കെ.എസ്.ഇ.ബിയിലും കെ.എസ്.ആർ.ടി.സിയിലും ഭരണാനുകൂല ട്രേഡ് യൂണിയനുകൾ മാനേജ്മെന്റുമായി കൊമ്പുകോർത്തതായിരുന്നു മറ്റൊരു തലവേദന. ഒന്നാം വാർഷികവേളയിലാണ് കെ.എസ്.ആർ.ടി.സിയിൽ ശമ്പളമില്ലാ മുറവിളിയുയരുന്നത്.

ആരോപണങ്ങൾ ഒരു ഭാഗത്തുയരുമ്പോഴും ഒന്നാം വാർഷികത്തിന് പതിനേഴായിരത്തിൽപ്പരം കോടിയുടെ 1557 നൂറുദിന കർമ്മപരിപാടികളുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. ലൈഫ്ഭവനപദ്ധതിയും പട്ടയവിതരണവുമെല്ലാം നേട്ടമായാണ് ഉയർത്തിക്കാട്ടുന്നത്. അതിദരിദ്രരെ കണ്ടെത്തി പുനരധിവസിപ്പിക്കുകയെന്ന സവിശേഷ ഇടപെടലിന് പുറമേ വിജ്ഞാനാധിഷ്ഠിത തൊഴിൽ പോർട്ടലിൽ ലക്ഷക്കണക്കിന് തൊഴിലന്വേഷകർക്ക് വേദിയൊരുക്കുകയെന്ന നിർണായകദൗത്യവും പൂർത്തിയാക്കിയെന്ന് സർക്കാരവകാശപ്പെടുന്നുണ്ട്. ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കൽ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കാനായതും നേട്ടം.

രമേശ് ചെന്നിത്തലയെ നീക്കി വി.ഡി. സതീശന്റെ നേതൃത്വത്തിലെത്തിയ പുതിയ പ്രതിപക്ഷത്തിന്റെ ആദ്യവർഷവും ഉൾപാർട്ടിപോര് തീർത്ത വിവാദങ്ങളാൽ സമ്പന്നമായി. സർക്കാരിനെതിരായ ക്രിയാത്മകവിമർശനത്തിലൂടെ വെല്ലുവിളിയുയർത്തുകയെന്ന ദൗത്യം നിയമസഭയിൽ ഭംഗിയായി നിർവഹിക്കുമ്പോഴും പുറത്ത് പ്രതിഷേധങ്ങൾക്ക് സംഘടിതനേതൃത്വം നിർവഹിക്കാനായോയെന്ന ചോദ്യമുയർന്നു. സിൽവർലൈനിൽ പക്ഷേ ജനകീയപ്രതിഷേധത്തിന്റെ നായകത്വമേറ്റെടുക്കുന്നതിൽ പ്രതിപക്ഷത്തിന് വിജയിക്കാനുമായിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINARAYI, PINARAYI VIJAYAN, LDF GOVT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.