മെക്സിക്കോ സിറ്റി : ചോക്ലേറ്റ് ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. ചോക്ലേറ്റ് വിഭവങ്ങൾക്ക് ലോകമെമ്പാടും ആരാധകർ ഏറെയാണ്. അതേ സമയം, ചോക്ലേറ്റിന്റെ രുചിയുള്ള പഴങ്ങളെ പറ്റി കേട്ടിട്ടുണ്ടോ ? മെക്സിക്കോ സ്വദേശിയായ ബ്ലാക്ക് സപ്പോട്ട ( Black Sapote ) എന്ന ഈ അടിപൊളി പഴം അറിയപ്പെടുന്നത് ചോക്ലേറ്റ് പുഡിംഗ് ഫ്രൂട്ട് എന്നാണ്. പുറമേ നിന്ന് പച്ച നിറമാണെങ്കിലും ഉള്ളിൽ ശരിക്കും ചോക്ലേറ്റ് പുഡിംഗിന്റെ രുചിയും രൂപവുമാണ് എന്നതാണ് ഇതിന് കാരണം.
തക്കാളിയുടെ ആകൃതിയിലുള്ള ഇവയുടെ പേരിൽ സപ്പോട്ട ഉണ്ടെങ്കിലും നമ്മുടെ നാട്ടിലൊക്കെ വളർത്താറുള്ള വൈറ്റ് സപ്പോട്ട, മേമി സപ്പോട്ട എന്നിവയുടെ കുടുംബത്തിൽപ്പെട്ടവയല്ല ബ്ലാക്ക് സപ്പോട്ട.
പെഴ്സിമൻ പഴങ്ങളുടെ സ്പീഷീസിൽപ്പെട്ട ബ്ലാക്ക് സപ്പോട്ടയെ ഫ്രഷായി കഴിക്കുകയോ അല്ലെങ്കിൽ മിൽഷേക്, തൈര്, ലൈം ജ്യൂസ് തുടങ്ങിയവയിൽ ചോക്ലേറ്റിന് പകരമായി ചേർക്കുകയോ ആണ് പലരും ചെയ്യുന്നത്.
അമേരിക്കൻ ഭൂഖണ്ഡത്തിൽ പുഡിംഗ്, കേക്ക്, ഐസ്ക്രീം തുടങ്ങിയവയുടെ നിർമ്മാണത്തിന് ബ്ലാക്ക് സപ്പോട്ടയെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ബ്ലാക്ക് സപ്പോട്ട വച്ചുള്ള നിരവധി രുചികരമായ റെസിപ്പികൾ മെക്സിക്കോയിൽ പ്രചാരത്തിലുണ്ട്.
ബ്ലാക്ക് സപ്പോട്ടയുടെ ചാറ് ഓറഞ്ച് ജ്യൂസോ ബ്രാൻഡിയുമായോ കലർത്തി ക്രീമിനൊപ്പം ചേർത്ത് കഴിക്കുന്ന രീതി ഏറെ ജനപ്രിയമാണ്. വൈന് ഒപ്പവും ബ്ലാക്ക് സപ്പോട്ട ചേർക്കാറുണ്ട്. പച്ചയായിരിക്കുമ്പോൾ ബ്ലാക്ക് സപ്പോട്ടയുടെ പുറംഭാഗത്തിന് കട്ടി കൂടുതലായിരിക്കും. എന്നാൽ, പഴുത്തു കഴിയുമ്പോൾ കൈ കൊണ്ട് തൊടുമ്പോൾ പാട് വീഴുന്ന തരത്തിൽ മൃദുലമാകാറുണ്ട്.
ഫാറ്റിന്റെ അളവ് വളരെ കുറഞ്ഞ ഇവ വിറ്റാമിൻ സിയുടെ കലവറയാണ്. ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വിറ്റാമിൻ സിയാണ് ഏകദേശം 5 മുതൽ 10 സെന്റീമീറ്റർ വരെ വ്യാസമുള്ള ബ്ലാക്ക് സപ്പോട്ടയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |