ന്യൂഡൽഹി: എൻ ഡി എ സർക്കാരിന്റെ എട്ടാം വാർഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി ബി ജെ പി. ആഘോഷങ്ങളുടെ രൂപരേഖ തയ്യാറാക്കാനായി ഉന്നത നേതാക്കൾ ഇന്ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേരും. പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
മോദിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ ഈ മാസം 30 നാണ് എട്ട് വർഷങ്ങൾ പൂർത്തിയാക്കുന്നത്. അതിനാൽ തന്നെ മേയ് 30 മുതൽ ജൂൺ 14 വരെയാണ് ആഘോഷങ്ങൾ നടക്കുക. സേവനം, സദ്ഭരണം, ദരിദ്രരുടെ ക്ഷേമം (സേവ, ഷുഷൻ, ഗരീബാ കല്യാൺ) എന്നതാണ് വാർഷികാഘോഷത്തിൽ പാർട്ടി ഉയർത്തുന്ന മുദ്രാവാക്യം.
സർക്കാരിന്റെ നയങ്ങളും പദ്ധതികളുമെല്ലാം ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ആഘോഷങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മന്ത്രിമാർ രാജ്യത്തെമ്പാടും വികാസ് തീർത്ഥയാത്ര നടത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്.
മേയ് 20 ന് ജയ്പൂരിൽ ചേർന്ന ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് കാർഡ് ജനങ്ങളിലെത്തിക്കാനുള്ള ഒരു രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതിനെപ്പറ്റിയും ഇന്നത്തെ യോഗത്തിൽ ചർച്ചയുണ്ടാകും.
ഈ മാസം എൻ ഡി എ സർക്കാർ എട്ട് വർഷം പൂർത്തിയാക്കും. ഈ വർഷങ്ങളെല്ലാം തന്നെ നേട്ടങ്ങളുടേതായിരുന്നു. ഇക്കഴിഞ്ഞ കാലമത്രയും സേവനത്തിനും സദ്ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞാബദ്ധമായിരുന്നുവെന്നും വീഡിയോ കോൺഫറൻസിംഗ് വഴി ഈ യോഗത്തിൽ പങ്കെടുത്ത നരേന്ദ്ര മോദി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |