ഗാന്ധിനഗർ : 200 കിടക്കകളോടുകൂടിയ മതുശ്രീ കെ.ഡി.പി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, 175 കോടി രൂപ ചെലവിൽ നിർമ്മിച്ച നാനോ യൂറിയ (ലിക്വിഡ്) പ്ലാന്റ് എന്നീ വികസന പദ്ധതികൾ ഗുജറാത്തിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ദിനംപ്രതി 500 മില്ലിലിറ്ററിന്റെ 1.5 ലക്ഷം ബോട്ടിൽ നാനോ യൂറിയ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്.
തുടർന്ന് പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം വൈകിട്ട് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ സഹകരണ സ്ഥാപനങ്ങളുടെ സെമിനാറിലും പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, മൻസുഖ് മാണ്ഡവ്യ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി ഇന്നലെ ഗുജറാത്തിലെത്തിയത്.