ടോക്കിയോ : പഴങ്ങളെ ആഡംബരത്തിന്റെ പ്രതീകമായി കാണുന്ന നാടാണ് ജപ്പാൻ. വിലപിടിപ്പുള്ള വിവിധതരം പഴങ്ങൾ ജാപ്പനീസ് മാർക്കറ്റുകളിൽ ലഭ്യമാണ്. അക്കൂട്ടത്തിൽ രാജകീയ പദവി അലങ്കരിക്കുന്ന ഒന്നാണ് റൂബി റോമൻ.! പേര് പോലെ തന്നെ നല്ല ചുവന്ന നിറത്തിലെ മരതക ബോളുകൾ പോലെ തോന്നിക്കുന്ന ഉഗ്രൻ മുന്തിരി. പക്ഷേ, റൂബി റോമന്റെ ഒരു കുല വാങ്ങണമെങ്കിൽ ഒന്നും രണ്ടുമല്ല ലക്ഷക്കണക്കിന് രൂപ വേണം. ! സംഭവം സത്യമാണ്. മുന്തിരികൾക്കിടെയിലെ റോൾസ് റോയ്സ് എന്നാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ മുന്തിരിയായ ഈ വി.ഐ.പി അറിയപ്പെടുന്നത്. 2019ൽ ഈ മുന്തിരി ലേലത്തിൽ പോയത് ഏകദേശം 8 ലക്ഷം രൂപയ്ക്കാണ്.! 24 മുന്തിരികളായിരുന്നു ലേലത്തിൽ പോയത്. അപ്പോൾ ഒരൊറ്റ മുന്തിരിയ്ക്ക് ഏകദേശം 35,000 രൂപ വരുമെന്നർത്ഥം.! അതീവ രുചികരമായ റൂബി റോമൻ മുന്തിരിയിൽ അസിഡിറ്റി അളവ് വളരെ കുറവും പഞ്ചസാരയുടെ അംശം കൂടുതലുമാണ്. ഒരു ടേബിൾ ടെന്നീസ് ബോളിനോളം വലിപ്പമുണ്ട് ഈ മുന്തിരിയ്ക്ക്. 2008ലാണ് റൂബി റോമൻ ആദ്യമായി വിപണിയിലെത്തിയത്. ജപ്പാനിലെ ഇഷികാവ പ്രവിശ്യയിലെ അഗ്രികൾച്ചറൽ റിസേർച്ച് സെന്റർ വികസിപ്പിച്ചെടുക്കുന്ന റൂബി റോമൻ മുന്തിരിയുടെ വില്പന നടത്തുന്നതും അവിടെ തന്നെ. വളരെ കുറച്ച് അളവിലാണ് വില്പന. ഇവയുടെ വൻ ഡിമാൻഡിന് കാരണവും ഇതാണ്. ഓരോ മുന്തിരിയ്ക്കും ഏകദേശം 20 ഗ്രാം ഭാരം വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |