ബംഗളൂരു: പല്ലിൽ റൂട്ട് കനാൽ ശസ്ത്രക്രിയ ചെയ്ത കന്നഡ നടി സ്വാതി സതീഷിന്റെ മുഖം തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധം വികൃതമായി. ശസ്ത്രക്രിയയെ തുടർന്ന് നടിയുടെ മുഖം നീരുവച്ച് വികൃതമായിരിക്കുകയാണ്. ചുണ്ട് ചെറുതായി കോടിയിട്ടുമുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം താൻ ഇപ്പോൾ വീട്ടിൽ നിന്ന് പുറത്ത്പോലും ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് താരം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പല്ലിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്വാതി റൂട്ട് കനാൽ ചികിത്സയ്ക്ക് തയ്യാറാകുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്കു ശേഷവും വേദനയനുഭവപ്പെട്ടിരുന്നെന്നും മുഖത്തും ചുണ്ടുകളിലും വീക്കം അനുഭവപ്പെട്ടിരുന്നതായും നടി പറഞ്ഞു. എന്നാൽ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മുഖത്തെ നീർക്കെട്ട് മാറിക്കൊള്ളുമെന്ന് ഡോക്ടർമാർ പറഞ്ഞതനുസരിച്ച് താൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് നടി പറഞ്ഞു.
എന്നാൽ 20 ദിവസങ്ങൾക്കു ശേഷവും വേദന കുറയുകയോ മുഖത്തെ നീർക്കെട്ട് മാറുകയോ ചെയ്യാതിരുന്നപ്പോൾ നടി മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റൂട്ട് കനാൽ ചെയ്ത സമയത്ത് തെറ്റായ മരുന്നാണ് തനിക്ക് നൽകിയതെന്ന് പുതിയ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞ് അറിഞ്ഞെന്ന് നടി പറഞ്ഞു. റൂട്ട് കനാൽ ചെയ്യുന്നതിന് മുമ്പ് അനസ്തേഷ്യ നൽകുന്നതിന് പകരം സാലിസിലിക് ആസിഡാണ് തനിക്ക് നൽകിയതെന്നും അതിനാലാണ് മുഖം വികൃതമായതെന്ന് സ്വാതി പിന്നീട് പ്രതികരിച്ചു. നിലവിൽ വീട്ടിൽ വിശ്രമത്തിലാണ് സ്വാതി.