മുംബയ്: ബിസിനസ് മേഖല വ്യാപിപ്പിക്കാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ. അലൂമിനിയം നിർമാണം, സോളാർ ഊർജ്ജ ഉത്പാദനം, കോൾ ഗ്യാസിഫിക്കേഷൻ എന്നിവ ആരംഭിക്കാനാണ് കോൾ ഇന്ത്യയുടെ ലക്ഷ്യം. കാർബൺ ബഹിർഗമനം കുറയ്ക്കുന്ന പ്രവർത്തന രീതി സ്വീകരിക്കാനാണ് ബിസിനസ് രംഗം
വൈവിദ്ധ്യവത്ക്കരിക്കുന്നത്.
ഒഡീഷയിൽ ഒരുങ്ങുന്ന ഇന്റഗ്രേറ്റഡ് ഗ്രീൻഫീൽഡ് അലൂമിനിയം പ്രോജക്ടിനായുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് കോൾ ഇന്ത്യ. കൂടാതെ സംസ്ഥാനത്ത് ഒരു ബോക്സൈറ്റ് ബ്ലോക്കിനായും കമ്പനി അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനായി നിക്ഷേപ പങ്കാളികളെയും കോൾ ഇന്ത്യ അന്വേഷിക്കുന്നുണ്ട്. കൽക്കരി ഇതര മേഖലകളിലേക്ക് കോൾ ഇന്ത്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര കൽക്കരി സെക്രട്ടറി അനിൽ കുമാർ ജെയിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
2030ഓടെ 30,00 മെഗാവാട്ട് സോളാർ ഊർജ്ജോത്പാദനം ആണ് കോൾ ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ 8.436 മെഗാവാട്ടിന്റെ റീന്യൂവബിൾ എനർജിയാണ് കോൾ ഇന്ത്യ ഉത്പ്പാദിപ്പിക്കുന്നത്. മൂലധന നിക്ഷേത്തിന് താത്പ്പര്യമുള്ള പങ്കാളികളെ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങളും ഭൂമിയും നൽകി റിന്യൂവബിൾ എനർജി ഉത്പ്പാദനം വിപുലീകരിക്കാനാണ് കോൾ ഇന്ത്യ പ്രധാനമായും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയൊട്ടാകെ നടക്കുന്ന സൗരോർജ്ജ പദ്ധതികൾ വികസിപ്പിക്കുന്നതിന്റെ ടെൻഡറുകളിലും കമ്പനി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |