SignIn
Kerala Kaumudi Online
Thursday, 19 September 2024 1.23 AM IST

മക്കളെ നോക്കാൻ സർക്കാർ ജോലി ഉപേക്ഷിച്ച അമ്മയ്ക്ക്  രണ്ട് മക്കളുടെയും ഭർത്താവിന്റെയും മരണം താങ്ങാനാവുന്നതിലും വലുതായിരുന്നു, മുർമുവിന്റെ ജീവിതത്തിലെ ചില അജ്ഞാത സംഭവങ്ങൾ

Increase Font Size Decrease Font Size Print Page
draupadi-murmu-

പ്രതിപക്ഷ കക്ഷികളിൽ ചിലരുൾപ്പടെ പിന്തുണയുമായി എത്തിയതോടെ ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു രാജ്യത്തിന്റെ അടുത്ത പ്രഥമ വനിതയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഒഡീഷയിൽ നിന്നുള്ള ഗോത്രവർഗ നേതാവായ ദ്രൗപതി മുർമുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്ത ബി ജെ പിയുടെ നടപടി ഏറെ സ്വീകാര്യത നേടിയിരുന്നു. ദ്രൗപതി മുർമു ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അവർ ഇന്ത്യയുടെ ആദ്യത്തെ ഗോത്രവർഗക്കാരിയും രണ്ടാമത്തെ വനിതാ പ്രസിഡന്റുമായി മാറും. ദ്രൗപതി മുർമുവിന്റെ പേര് ബി ജെ പി പ്രഖ്യാപിച്ചത് മുതൽ അവരെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഇന്റർനെറ്റിൽ തെരഞ്ഞവർ ഏറെയാണ്. മുർമുവിന്റെ ജീവിതവഴികളെ കുറിച്ച് ചില കാര്യങ്ങൾ അറിയാം

draupadi-murmu-

ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ സന്താൾ ഗോത്ര വിഭാഗത്തിലാണ് ദ്രൗപതി മുർമു ജനിച്ചത്. മുർമുവിന്റെ പിതാവും മുത്തച്ഛനും ഗ്രാമത്തലവന്മാരായിരുന്നു. 1997ലാണ് മുർമു രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. അതിന് മുൻപ് രാജ്ഗംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. 1979 മുതൽ 1983 വരെ ഒഡീഷയിലെ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും ഇവർ ജോലി ചെയ്തു. എന്നാൽ 1983 തന്റെ കുട്ടികളെ നോക്കുന്നതിനായി ജോലിയിൽ നിന്നും രാജിവയ്ക്കുകയായിരുന്നു.

1997 ൽ റൈരംഗ്പൂർ നഗർ പഞ്ചായത്തിലെ കൗൺസിലറായിട്ടാണ് മുർമു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അതേ വർഷം തന്നെ അവർ റൈരംഗ്പൂർ എൻ എ സി( നോട്ടിഫൈഡ് ഏരിയ കൗൺസിൽ) യുടെ വൈസ് ചെയർപേഴ്സണായി.

പിന്നീട് രാഷ്ട്രീയ ജീവിതത്തിൽ അടിവച്ച് ഉയർന്ന അവർ രണ്ട് വട്ടം എം എൽ എയായി. റൈരംഗ്പൂരിൽ നിന്നുമാണ് ബി ജെ പി സ്ഥാനാർത്ഥിയായി മുർമു മത്സരിച്ചത്. ഒരു തവണ മന്ത്രിസഭയിലും അവർ ഇടം നേടി. 2007ൽ ഒഡീഷ നിയമസഭയുടെ ആ വർഷത്തെ ഏറ്റവും മികച്ച എംഎൽഎക്കുള്ള നീലകാന്ത് അവാർഡ് മുർമുവിന് ലഭിച്ചു. 2015ൽ മുർമുവിനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി ഗവർണറായിരുന്നു അവർ. ജാർഖണ്ഡിന്റെ ഒമ്പതാമത്തെ ഗവർണറായിരുന്ന മുർമു 2015 മുതൽ 2021 വരെ ആ സ്ഥാനം വഹിച്ചു.

draupadi-murmu-

രാഷ്ട്രീയ ജിവിതത്തിൽ മുർമുവിന് വൻ ഉയർച്ചയുണ്ടായെങ്കിലും വ്യക്തി ജീവിതം ദുരിതമയമായിരുന്നു. 2009ൽ, ഒരു അപകടത്തിൽ മുർമുവിന് മകനെ നഷ്ടമായി. 2013ൽ അവർക്ക് രണ്ടാമത്തെ മകനെയും നഷ്ടമായി, തൊട്ടടുത്ത വർഷം ഭർത്താവിനെയും വിധി മുർമുവിൽ നിന്നും അകറ്റി. ഒന്നിന് പിറകേ ഒന്നായി മൂന്ന് മരണങ്ങൾ അവരുടെ ജീവിതത്തെ ഏറെ വിഷമകരമായ അവസ്ഥയിലേക്ക് കൊണ്ടുപോയി. തനിക്കുണ്ടായ ഈ നഷ്ടങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ മുർമു അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്. 'ഞാൻ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എനിക്ക് എന്റെ രണ്ട് മക്കളെയും എന്റെ ഭർത്താവിനെയും നഷ്ടപ്പെട്ടു. ഞാൻ പൂർണ്ണമായും തകർന്നുപോയി. പക്ഷേ അത് തുടരാനുള്ള ശക്തി ദൈവം എനിക്ക് നൽകി. ജനങ്ങളെ സേവിക്കുക എന്നാതായിരുന്നു അത്.' രണ്ട് ആൺമക്കളും ഭർത്താവും മരിച്ച മുർമുവിന് പിന്നീട് ജീവിതത്തിൽ കൂട്ടായി ഉണ്ടായിരുന്നത് ഏക മകളായിരുന്നു.

രാഷ്ട്രീയ ജീവിതത്തിൽ എന്നും എളിമ കാത്തുസൂക്ഷിച്ച മുർമു റാഞ്ചിയിലെ കശ്യപ് മെമ്മോറിയൽ ഐ ഹോസ്പിറ്റലിലേക്ക് മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2016ലാണ് ഈ പ്രഖ്യാപനം ഇവർ നടത്തിയത്. സാധാരണക്കാരിയിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥയായും അത് ഉപേക്ഷിച്ച് വീട്ടമ്മയായും പിന്നീട് എം എൽ എ, മന്ത്രി, ഗവർണർ ഇപ്പോഴിതാ രാഷ്ട്രപതി ഭവന് തൊട്ടു മുൻപിൽ എത്തി നിൽക്കുന്ന മുർമുവിന്റെ ജീവിതം എന്നും എളിമയും ലാളിത്യവും നിറഞ്ഞതായിരുന്നു. തന്നെക്കുറിച്ച് മുർമു തന്നെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ് 'ഞാൻ ദരിദ്ര കുടുംബത്തിൽ നിന്നാണ് വരുന്നത്, ഞാൻ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കുടുംബത്തെ സാമ്പത്തികമായി നിലനിർത്താൻ പഠിക്കാനും സ്ഥിരമായി ജോലി നേടാനും എനിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നിരുന്നാലും, എന്റെ ജോലി ഉപേക്ഷിക്കുന്നതിലേക്ക് നയിച്ച നിരവധി സംഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്'

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DRAUPADI, MURMU, PRESIDENT, BJP, BJP PRESIDENT CANDIDATE, LIFE OF DRAUPATI MURMU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.