SignIn
Kerala Kaumudi Online
Saturday, 04 May 2024 2.05 AM IST

മീശ പിരിച്ച് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങി സ്ഥാനാർത്ഥി; 'പോയി തോറ്റിട്ട് വാ' എന്ന് ആശംസിച്ച് സുഹൃത്തുക്കൾ, തോൽവിയുടെ ത്രില്ലിംഗ് കഥയിലെ നായകൻ ഡോക്‌ടർ പത്മരാജൻ

ele

2022 ജൂലൈ 18 നാണ് രാജ്യത്തെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിൽ മാസങ്ങൾക്ക് മുൻപേതന്നെ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടിയിറങ്ങുകയാണ് മലയാളിയായ ഒരു തമിഴ്നാട്ടുകാരൻ. ഏത് തിരഞ്ഞെടുപ്പിലും എന്നതുപോലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ആദ്യ നാമനിർദ്ദേശ പത്രിക തന്റെതാവണം എന്ന ശാഠ്യത്തോടെ മത്സര രംഗത്തേയ്ക്ക് ആളും ആരവവുമില്ലാതെ ഒറ്റയാനായി യാത്ര തിരിക്കുകയാണ് അയാൾ. തിരഞ്ഞെടുപ്പുകളിൽ ആളുകൾ കൗതുത്തോടെ കാണുന്ന ഈ മനുഷ്യൻ ഡൽഹിയിലേയ്ക്ക് പോകാൻ സേലം റെയിൽവേ സ്റ്റേഷനിലേയ്ക്ക് പുഞ്ചിരിച്ച മുഖവുമായി നടന്ന് പോകുമ്പോൾ സുഹൃത്തുക്കളും പരിചയക്കാരും ഹസ്തദാനം നൽകി സന്തോഷത്തോടെ പറയും ' പോയി തോറ്റിട്ട് വാ ' എന്ന് ... അത് കേൾക്കുമ്പോൾ ലോകമറിയുന്ന ഈ സ്ഥാനാർത്ഥിയ്ക്ക് കിട്ടുന്നത് മനസ് നിറയുന്ന സന്തോഷമാണ്. ഇത് ഡോ.കെ.പത്മരാജൻ.ഇലക്ഷൻ രംഗത്ത് തോൽവികൾ ഏറ്റുവാങ്ങി ലോക റെക്കോർഡിൽ ഇടം നേടിയ ' ഇലക്ഷൻ കിംഗ്.

പ്രായം കൊണ്ട് വാർദ്ധക്യത്തിലെത്തി നിൽക്കുന്ന എന്നാൽ മത്സര വീറുകൊണ്ട് യുവത്വത്തെ വെല്ലുന്ന തോൽവിക്കാരന്റെ ത്രില്ലിംഗ് കഥയാണിത്. തോറ്റ് തോറ്റ് അതിൽ ഹരം കണ്ട് അതിലൂടെ റെക്കോർഡുകൾ വാരിക്കൂട്ടിയ സാധാരണക്കാരനായ ഒരു ഹോമിയോ ഡോക്ടറുടെ ത്രില്ലിംഗ് കഥ.സമൂഹത്തിൽ പരാജയപ്പെടുന്നവർക്ക് താങ്ങായി തോൽവികൾ ഏറ്റുവാങ്ങുന്ന ഒരു സാധാരണ നാട്ടിൻ പുറത്തുകാരൻ. 'തോറ്റാലും ജയിച്ചാലും മീസയെ മുറുക്ക് ' എന്ന തമിഴ് ഗാനത്തിലെ വരികൾ ഇദ്ദേഹത്തിന് വേണ്ടി സിനിമയിൽ ചിട്ടപ്പെടുത്തിയതാണെന്ന് തോന്നിപ്പോകും. അതാണ് പ്രകൃതം. നടത്തത്തിലും വേഷത്തിലും ചിന്തയിലുമെല്ലാം ഒരിക്കലും തോറ്റവന്റെ നിരാശയോ ദു:ഖമോ അദ്ദേഹത്തിനില്ല.മറിച്ച് തോൽവി ഒരു ഹരമായി കാണുന്നവന്റെ വീറും വാശിയുമാണ് ഈ ഇലക്ഷൻ കിംഗിന് എപ്പോഴുമുള്ളത്. വള്ളം പോലെ ഉയർന്നു നിൽക്കുന്ന കട്ടി മീശയും ചുമന്ന സിന്ദൂരപ്പൊട്ടും പാന്റിനൊപ്പം ധരിച്ച വെള്ള ഷർട്ടിന്റെ മീതെയുള്ള ആഢ്യത്തമുള്ള ഷോളും ശരവേഗതയിലെ നടത്തവുമൊക്കെയാണ് ഡോ.കെ.പത്മരാജന്റെ കാഴ്ചയിലെ ഐഡന്റിറ്റി.


ഡോക്‌ടറുടെ തോൽവി ചരിത്രം അങ്ങ് ലിംക വേൾഡ് ബുക്കിൽ വരെ എത്തി. തോറ്റിടത്ത് വീണ്ടും വീണ്ടും തോൽക്കാൻ പത്മരാജൻ തീരുമാനിച്ചതിന്റെ പിന്നിലും കാരണങ്ങൾ പലതുണ്ട്. തമിഴ്നാട്ടിലെ സേലത്ത് ഒരു പഞ്ചർ ഒട്ടിക്കുന്ന കട നടത്തിവന്നിരുന്ന പത്മരാജന് 1988ലെ ഒരു തിരഞ്ഞെടുപ്പ് കാലത്ത് തോന്നിയ ചെറിയൊരു ആഗ്രഹമായിരുന്നു ഇലക്ഷന് മത്സരിക്കണം എന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് കാര്യം പറഞ്ഞപ്പോൾ കിട്ടിയത് കളിയാക്കലുകൾ മാത്രമായിരുന്നു. കേവലം പഞ്ചറൊട്ടിച്ച് ജീവിക്കുന്നവന് ഇതിനൊന്നും സാധിക്കില്ല എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിനെ പൊളിക്കാനായിരുന്നു പത്മരാജൻ കന്നി നോമിനേഷൻ നൽകിയത്. തമിഴ്നാട്ടിലെ മേട്ടൂരിൽ നിന്ന് തുടങ്ങിയ മത്സര രസം ഇരുന്നൂറ്റി മുപ്പത്തി ഒന്നിലും വീറും വാശിയും ചോരാതെ തുടരുന്നു.

എല്ലാ പോരാട്ടവും ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായവർക്ക് എതിരെ എന്നതാണ് പത്മരാജന്റെ തോൽവികളിൽ ശ്രദ്ധേയമായത്. 1997ൽ കെ.ആർ നാരായണനെതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. തുടർന്ന് എ.പി.ജെ.അബ്ദുൾ കലാം, പ്രതിഭാ പട്ടേൽ, പ്രണബ് മുഖർജി, രാംനാഥ് കോവിന്ദ് തുടങ്ങിയവരോട് രാഷ്ട്രപതി മത്സരത്തിലും മത്സരിച്ച് കെട്ടിവച്ച പണവും നഷ്ടപ്പെട്ട സ്ഥാനാർത്ഥിയായി.ഇപ്പോഴിതാ ആറാമത്തെ മത്സരം നടക്കാൻ പോകുന്ന വിവരവും തിരക്കി കാലങ്ങളായി കാത്തിരിക്കുകയായിരുന്നു പത്മരാജൻ.ഇവിടെ തീരുന്നില്ല തിരഞ്ഞെടുപ്പ് ഗോദയിലെ പ്രേമം.

ഇലക്ഷനോടുള്ള അദ്ദേഹത്തിന്റെ നോമിനേഷനുകൾ ഉപരാഷ്ട്രപതി, ലോക്സഭാ രാജ്യസഭാ തിരഞ്ഞെടുപ്പ് ,അസംബ്ലി, മേയർ, ചെയർമാൻ, പഞ്ചായത്ത് കൗൺസിലർ, ജില്ലാ കൗൺസിലർ തുടങ്ങിയ മത്സരങ്ങളിലെല്ലാം തോറ്റു .ആന്ധ്രാപ്രദേശിൽ1991 ൽ നരസിംഹറാവുവിനെതിരെ മത്സരിക്കുമ്പോഴാണ് പത്മരാജനെ ഒരു സംഘം ഗുണ്ടകൾ ചേർന്ന് അജ്ഞാത സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ടുപോയത്. ഇലക്ഷൻ കഴിയുന്നതുവരെ (മാസങ്ങളോളം ) ഒളിവിൽ പാർപ്പിച്ചു. ഒടുവിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലക്ഷക്കണക്കിന് രൂപയാണ് പത്മരാജൻ തിരഞ്ഞെടുപ്പ് അങ്കത്തിന് വേണ്ടി പൊട്ടിച്ചത്.കൃത്യമായി പറഞ്ഞാൽ വിയർപ്പൊഴുക്കിയ അരകോടിയോളം രൂപ. ഇത്രയും പണവും സമയവും കളഞ്ഞ് എന്തിനാണ് മത്സരിക്കുന്നത് എന്ന പരിഹാസം നിറഞ്ഞ ചോദ്യങ്ങൾ കേൾക്കുമ്പോൾ പത്മരാജൻ ആദ്യമൊന്ന് പൊട്ടിച്ചിരിക്കും.പിന്നീട് അവരോട് പറയും ആരെങ്കിലുമൊക്കെ തോൽക്കാനും മത്സരിക്കണ്ടേ എന്ന്.


ജനിച്ചതും വളർന്നതും തമിഴ്നാട്ടിലാണെങ്കിലും പത്മരാജന്റെ മാതാപിതാക്കൾ കണ്ണൂരുകാരാണ്. അതുകൊണ്ട് തന്നെ കേരളവുമായി വലിയ ആത്മബന്ധം കാത്തു സൂക്ഷിക്കാറുണ്ട്.ഒരു മുടക്കവുമില്ലാതെ കഴിഞ്ഞ 43 വർഷമായി ശബരിമലയിലെ ശാസ്താവിനെ കാണാൻ എത്താറുണ്ട്. പ്രാർത്ഥനകളിലൊന്നും തന്നെക്കുറിച്ചോ ഇലക്ഷനെ ക്കുറിച്ചോ പത്മരാജൻ ഓർക്കാറില്ല.സമൂഹത്തിലെ എല്ലാവർക്കും നല്ലത് വരുത്തണേ എന്ന പ്രാർത്ഥന മാത്രമാണ് മനസിലുള്ളത്.

elec

63 വയസ്സുള്ള പത്മരാജന്റെ ജീവിതത്തിലെ തോൽവികളിലുമുണ്ട് ചില ഗുണങ്ങൾ. ഇലക്ഷന് മുൻപും പിൻപും റിസൾട്ടിനായി കാത്തിരിക്കുന്നവർക്കും ഇലക്ഷന്റെ പേരിൽ ടെൻഷനടിക്കുന്നവർക്കും കണ്ടു പഠിക്കേണ്ട സൂത്രവാക്യമാണ് പത്മരാജന്റെ പച്ചയായ ജീവിതം. ആരുടെ കൈയ്യിൽ നിന്നും ഒരു രൂപ പോലും വാങ്ങാത്തതുകൊണ്ടാണ് നല്ല ഉറക്കത്തിലേയ്ക്ക് ആഴ്ന്ന് വീഴാൻ സാധിക്കുന്നതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. മോസ്റ്റ് അൺസക്സസ്ഫുൾ കാന്റിഡേറ്റ് എന്ന പേരിൽ അദ്ദേഹത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡും മോസ്റ്റ് ഇലക്ഷൻസ് കണ്ടസ്റ്റഡ് എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സും കിട്ടിയപ്പോൾ സത്യത്തിൽ തോറ്റു പോയത് അദ്ദേഹത്തെ പരിഹസിച്ചവർ മാത്രമാണ്.

ഇവ കൂടാതെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഡൽഹി ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയ റെക്കോർഡുകൾ എന്നിവ കൊടും തോൽവികളിൽപ്പോലും അദ്ദേഹം നേടിയെടുത്തു. ഒരിക്കലും ബഹുമതികളിലോ സ്ഥാനമാനങ്ങളിലോ കണ്ണുവച്ചായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തികൾ. ഇലക്ഷനിലൂടെ പണവും സമയവും നഷ്ടപ്പെടുത്തുന്നു എന്ന പരാതിയിൽ കുടുംബത്തിൽ നിന്നും ബന്ധു വലയത്തിൽ നിന്നും ഇദ്ദേഹത്തെ പിൻതിരിപ്പിക്കൽ ശ്രമങ്ങളുമുണ്ടായി. ആ പുഞ്ചിരിയിലൊതുക്കേണ്ടി വന്നു. കേട്ടു തഴമ്പിച്ച കളിയാക്കലുകളിൽ ചിരി നിറച്ച് പിടിച്ചു നിന്നു. കഷ്ടപ്പെട്ട കാശ് മുഴുവനും ഇലക്ഷന് കെട്ടി വയ്ക്കുമ്പോഴും ഭാര്യയും മകനുമടങ്ങിയ കുടുംബം പട്ടിണിയും ഏറ്റുവാങ്ങിയിട്ടുണ്ട്. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി പത്മരാജനെ അടക്കിയിരുത്താനുള്ള ശ്രമങ്ങളെല്ലാം ഒടുവിൽ വിഫലമായി.

elect

ഇലക്ഷനും ചിഹ്നങ്ങളും ബാലറ്റ് പേപ്പറും വോട്ടിംഗ് യന്ത്രവും നാമനിർദ്ദേശ പത്രികയുമൊക്കെ എന്നും ഓർക്കുന്ന ആളാണ് ഡോ.പത്മരാജൻ. 1996 ൽ ഇലക്ഷൻ കമ്മിഷനെ വട്ടം കറക്കിയിട്ടുണ്ട് ഇദ്ദേഹം. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ എട്ട് സ്ഥലങ്ങളിൽ പത്മരാജൻ മത്സരിച്ചപ്പോൾ ഇലക്ഷൻ കമ്മിഷൻ പുതിയ നിയമം കൊണ്ടുവരാനും കാരണക്കാരനായത് പത്മരാജനാണ്. അങ്ങനെ ഒരു സ്ഥാനാർത്ഥി രണ്ട് സ്ഥലങ്ങളിൽ മാത്രമേ മത്സരിക്കാവൂ എന്ന് കമ്മിഷനെ കൊണ്ട് നിയമം മാറ്റി എഴുതിപ്പിച്ചു ഈ ഇലക്ഷൻ രാജാവ്.


ഓരോ ഇലക്ഷന് കാതോർത്തും ഇന്ത്യയിൽ എവിടെ ഇലക്ഷന് ഉണ്ടെന്ന് അന്വേഷിച്ചറിഞ്ഞും തമിഴ്നാട്ടിലെ സേലത്ത് ഇദ്ദേഹം തിരഞ്ഞെടുപ്പ് കാലത്തെ കാത്ത് കഴിയുന്നു. ആരെയും കളിയാക്കാനല്ല. ആരുടേയും വോട്ട് തട്ടിപ്പറിക്കാനോ അല്ല ഈ മനുഷ്യന്റെ ജീവിതം. ഈ വേറിട്ട ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ ഉറപ്പായും നമ്മൾ പറയും ഇതൊരു വല്ലാത്ത ജീവിതമാണെന്ന്. അതാണ് പത്മരാജൻ എന്ന ഇലക്ഷൻ കിംഗിന്റെ ജീവിതകഥ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PADMARAJAN ELECTION, ELECTION KING, SPECIAL STORY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.