തിരുവനന്തപുരം: ധർമ്മം, നീതി എന്നിവയെക്കുറിച്ച് കുട്ടികളുടെ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താത്തത് നിർഭാഗ്യകരമെന്നും അവ വിദ്യാഭ്യസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
വെള്ളയമ്പലം ജവഹർ ബാലഭവനിൽ ജടായുപാറ ശ്രീ കോദണ്ടരാമാ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണ പരിപാടിയായ ജടായു രാമസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീ സുരക്ഷയ്ക്കായി പോരാടുന്ന കുസുമം പുന്നപ്രയ്ക്കു വീര ജടായു പുരസ്കാരം ചടങ്ങിൽ ഗവർണർ സമ്മാനിച്ചു. കുത്തിയോട്ട ആചാര്യൻ വിജയരാഘവക്കുറുപ്പ്, ശ്രീരാമദാസ മഠത്തിലെ രാമായണ പാരായണത്തിന് നേതൃത്വം നൽകുന്ന വട്ടപ്പാറ സോമശേഖരൻ രാമപാദഗാനം ആലപിച്ച മണക്കാട് ഗോപൻ എന്നിവരെയും ആദരിച്ചു.
കുമ്മനം രാജശേഖരൻ, മുൻ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ.സി.വി. ആനന്ദബോസ്, കേണൽ ആർ.ജി. നായർ,സ്വാമി മോക്ഷവ്രതാനന്ദ (ശ്രീരാമകൃഷ്ണ ആശ്രമം), സ്വാമി ബ്രഹ്മപാദാനന്ദ (ശ്രീരാമദാസ ആശ്രമം), ആർക്കിടക്ട് ബി.ആർ. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |