SignIn
Kerala Kaumudi Online
Friday, 20 September 2024 8.00 PM IST

കെണിയിൽപ്പെട്ട എലിയെപ്പോലെ ഭയന്ന രൂപത്തിൽ നിന്നും ഗർജ്ജിക്കുന്ന സിംഹിണിയെ പോലുള്ള രൂപത്തിലേക്കുള്ള വളർച്ച പ്രത്യാശ നൽകുന്നത്; ആരാധനയെന്ന് സനൽകുമാർ ശശിധരൻ

Increase Font Size Decrease Font Size Print Page
swapna-suresh

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് പിന്തുണയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ഗർജ്ജിക്കുന്ന സിംഹിണിയെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകൻ രംഗത്തെത്തിയത്.

കേരളത്തിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന മാഫിയപ്രവർത്തനത്തിന് എതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിന് തന്റെ എളിയ പിന്തുണയും നന്ദിയും അറിയിക്കണമെന്ന് ദീർഘനാളായി കരുതുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്റെ കുറിപ്പ് ആരംഭിക്കുന്നത്.

കെണിയിൽപ്പെട്ട എലിയെപ്പോലെ ഭയന്ന രൂപത്തിൽ നിന്നും ഗർജ്ജിക്കുന്ന സിംഹിണിയെ പോലുള്ള രൂപത്തിലേക്കുള്ള വളർച്ച പ്രത്യാശ നൽകുന്നതാണെന്നും ആരാധനയുണർത്തുന്നതാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ശ്രീമതി സ്വപ്ന സുരേഷ്, താങ്കൾ കേരളത്തിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന മാഫിയപ്രവർത്തനത്തിന് എതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിന് എന്റെ എളിയ പിന്തുണയും നന്ദിയും അറിയിക്കണമെന്ന് ഏറെനാളായി ഞാൻ കരുതുന്നു. കുറ്റാരോപിതയായ ഒരു വ്യക്തി എന്ന നിലയിൽ നിന്നും അനീതിക്കെതിരെ പോരാടുന്ന ഒരു ഒറ്റയാൾ പട്ടാളമായി മാറിക്കഴിഞ്ഞ താങ്കൾക്കുള്ള പിന്തുണ സ്വകാര്യമായല്ല പരസ്യമായി ആണ് അറിയിക്കേണ്ടതെന്നും കരുതുന്നത് കൊണ്ടാണ് ഈ കുറിപ്പ് ഫെയ്സ്ബുക്കിൽ കുറിക്കുന്നത്.
ആദ്യമായി ഈ പോരാട്ടത്തിൽ താങ്കൾക്ക് സംഭവിച്ചേക്കാവുന്ന അപകടകരമായ പ്രത്യാഘാതങ്ങളിൽ എനിക്കുള്ള ആശങ്കയും താങ്കൾക്ക് അഹിതമായതൊന്നും സംഭവിക്കരുതേ എന്നുള്ള ആത്മാർത്ഥമായ പ്രാർത്ഥനയും പങ്കുവെയ്ക്കുന്നു. എങ്കിലും അതിർത്തിയിലെ പട്ടാളക്കാരെപ്പോലെ ജീവൻ തുലാസിൽ വെച്ചുകൊണ്ട് മാത്രമേ താങ്കൾ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന പോരാട്ടത്തിന് പുറപ്പെടാൻ കഴിയൂ എന്നതും ഞാൻ മറക്കുന്നില്ല. എന്ത് തന്നെയായാലും ഈ ചെറിയ കാലയളവുകൊണ്ട് കേരളത്തിലെ പ്രതിപക്ഷ കക്ഷികൾക്കോ മാധ്യമസിംഹങ്ങൾക്കോ സാസ്‌കാരിക മഹാമേരുക്കൾക്കോ കഴിയാത്ത രീതിയിൽ അനീതിയുടെ കോട്ടകൊത്തളങ്ങൾക്ക് കുലുക്കമുണ്ടാക്കാൻ താങ്കളുടെ ഇടപെടലിനു കഴിഞ്ഞു എന്നതിൽ താങ്കളെ അഭിനന്ദിക്കുന്നു.
താങ്കൾ പത്രക്കാർക്ക് മുന്നിൽ വരുന്ന അവസരങ്ങൾ കാത്തിരിക്കുന്ന അനേകം സാധാരണക്കാരിൽ ഒരാളായി ഞാനും മാറിക്കഴിഞ്ഞു എന്ന് മറയൊന്നുമില്ലാതെ വെളിവാക്കുന്നു. സ്വർണകള്ളക്കടത്തുകാരി എന്ന് മുതൽ അഭിസാരിക എന്നുവരെയുള്ള അപമാനകരമായ പദങ്ങൾ കൊണ്ടുള്ള വിശേഷണങ്ങൾ നൽകി താങ്കളെ അവമതിക്കാനും താങ്കളുടെ വാക്കുകൾക്ക് വിലകൽപിക്കാതിരിക്കാൻ സാധാരണ ജനങ്ങളെ പ്രേരിപ്പിക്കാനുമുള്ള മാഫിയാ പദ്ധതികൾ പൊളിഞ്ഞുപോയി എന്നതിൽ എനിക്കുള്ള സന്തോഷം പങ്കുവെയ്ക്കുന്നു.
അധികാരവും അംഗീകാരങ്ങളുമില്ലാത്ത സാധാരണ ജനത താങ്കളെ നെഞ്ചേറ്റിയിട്ടുണ്ട് എന്ന സത്യം മുന്നിൽ നിൽക്കുമ്പോഴും യുക്തിസഹമായി താങ്കൾ വിളിച്ച്പറയുന്ന സാമൂഹിക രാഷ്ട്രീയ യാഥാർഥ്യങ്ങൾ പ്രതിപക്ഷ രാഷ്ട്രീയക്കാരോ സ്ത്രീ സംഘടനകളോ സാസ്‌കാരിക ലോകമോ കേട്ടതായി നടിക്കുകയോ വേണ്ടത്ര ഗൗരവം നൽകുകയോ ചെയ്യുന്നില്ല എന്ന അപഹാസ്യകരമായ അവസ്ഥയും നിലവിലുണ്ട്. താങ്കൾ ഒരു കേസിൽ പ്രതിയാണ് എന്ന കാരണം കൊണ്ടാണത്രേ അവർ താങ്കളെ തീണ്ടാപ്പാടകലെ നിർത്തുന്നത്. എത്ര അപഹാസ്യമായ വാദമാണതെന്ന് താങ്കൾക്കും അറിയാമെന്ന് ഞാൻ ഊഹിക്കുന്നു. കൊലപാതക കേസുകളിലും അഴിമതിക്കേസുകളിലും തെളിവു നശിപ്പിക്കലിന് കൂട്ടുനിന്ന കേസുകളിലും ഒക്കെ പ്രതികളും സംശയ നിഴലിൽ നിൽക്കുന്നവരും നിയമസഭയിലിരുന്ന് വിശുദ്ധിയെ കുറിച്ച് ഗിരിപ്രസംഗങ്ങൾ നടത്തുന്നത് കണ്ട് കയ്യടിക്കുന്ന ആൾക്കാരാണ് തെളിവുകൾ സഹിതം യുക്തിസഹമായി താങ്കൾ നടത്തുന്ന വെളിപ്പെടുത്തലുകൾ അവഗണിക്കുന്നത്. അതിലൊന്നും താങ്കൾ സ്വയം സംശയിക്കുകയോ പതറുകയോ ചെയ്യരുത് എന്ന അഭ്യർത്ഥന കൂടി എനിക്കുണ്ട്. പുരുഷന്മാരായ ഒട്ടുമിക്ക സാസ്‌കാരിക പ്രവർത്തകർക്കും സർക്കാരിനെതിരെ മിണ്ടിയാൽ തങ്ങളുടെ യശസിനെ ഭസ്മീകരിക്കുന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങൾ ഉണ്ടാകുമോ എന്ന ഭയമുണ്ട്. സാസ്‌കാരികപ്രവർത്തകരായ സ്ത്രീകൾക്കും താങ്കളെ പിന്തുണച്ചാൽ അപകീർത്തി ഉണ്ടാകുമോ എന്ന ഭയം കാണും. സാസ്‌കാരിക നായകത്വം എന്നത് കയ്യാലപ്പുറത്തിരിക്കുന്ന കള്ളത്തേങ്ങയാണെന്ന് കുറച്ചുനാളെങ്കിലും ആ കാപട്യവലയത്തിൽ ഉണ്ടായിരുന്നാലേ മനസിലാവുകയുള്ളു.


എന്തുകൊണ്ടാണ് താങ്കളുടെ തുറന്ന് പറച്ചിലുകൾക്ക് ശക്തമായ പിന്തുണ നൽകാൻ പ്രതിപക്ഷ കക്ഷികൾ മുന്നോട്ട് വരുന്നില്ല എന്ന് എനിക്കും അറിയില്ല. മാഫിയയുടെ നീരാളിക്കൈകൾ ഭരണപക്ഷത്തെ മാത്രമല്ല പ്രതിപക്ഷത്തെയും ശക്തി കേന്ദ്രങ്ങളിൽ ആഴത്തിൽ കടന്നുകയറിയിട്ടുണ്ട് എന്നതാവാം ഒരു കാരണം. മറ്റൊന്ന് കേരളം പോലെ രാഷ്ട്രീയ ഭീരുത്വം നേരിടുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലെങ്ങും ഇല്ല എന്നതാണ്. ഇവിടെ ഭരണമാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് പോലും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രതിരോധങ്ങൾ കൊണ്ടല്ല സാധാരണ ജനങ്ങൾ ഭരിക്കുന്നവരോടുള്ള തങ്ങളുടെ എതിർപ്പ് വെളിവാക്കാൻ എതിർപക്ഷത്തിന് വോട്ട് കുത്തുന്നത് കൊണ്ടാണ്. അതുകൊണ്ട് താങ്കൾക്ക് ജീവന് ഭീഷണിയുണ്ട് എന്ന് പൊതുസമൂഹത്തോട് താങ്കൾ പറഞ്ഞിട്ടുപോലും താങ്കൾക്ക് ജീവന് സംരക്ഷണം നൽകാൻ പോലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ മുന്നോട്ടു വരാത്തതിൽ അത്ഭുതപെടേണ്ട.


എന്തൊക്കെ തന്നെ ആയാലും കേരളത്തിന്റെ പൊതുജനമനസ്സിൽ താങ്കൾ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു എന്നത് തർക്കമില്ലാത്ത കാര്യമാണ്. സ്ത്രീ എന്ന നിലയിലുള്ള പരിമിതികളും 'അമ്മ എന്ന നിലയിലുള്ള പ്രാരാബ്ദങ്ങളും പിന്നോട്ട് വലിക്കുമ്പോഴും, വേണ്ടത്ര പിന്തുണ അധികാരവും കഴിവുമുള്ള വ്യക്തികളിൽ നിന്നും ലഭിക്കാതിരിക്കുമ്പോഴും, എന്തിനും കഴിവുള്ള ഒരു രാക്ഷസീയ ശക്തിക്കെതിരെ താങ്കൾ നടത്തുന്ന പോരാട്ടം ചരിത്രപരമായ പോരാട്ടമാണ് എന്ന് പറയാതിരിക്കാൻ ആവുന്നില്ല.


താങ്കൾ കേരളത്തിലെ നിസ്സഹായരായ ജനതയ്ക്ക് പ്രത്യേകിച്ചും അടിമത്തമല്ലാതെ മറ്റൊന്നും തിരഞ്ഞെടുക്കാനില്ല എന്ന് കണ്ണടച്ചു വിശ്വസിക്കുന്ന സ്ത്രീകൾക്ക് ഒരു വലിയ പ്രചോദനമാണ്. വേണമെങ്കിൽ താങ്കൾക്കും 'അശ്വത്ഥമാവിന്റെ ചേന' യെന്നോ 'ഗാന്ധാരിയുടെ കണ്ണട' എന്നോ മറ്റോ പുസ്തകമെഴുതി ആജീവനാന്തം നിങ്ങളെ ചൂഷണം ചെയ്ത ശക്തികൾക്ക് ഒത്താശ ചെയ്ത് സസുഖം വാഴമായിരുന്നു. നിങ്ങൾ സ്വന്തം ജീവൻ പണയം വെച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലപാടെടുത്തു എന്നത് ഈ സമൂഹത്തിന് നൽകുന്ന പ്രത്യാശ പറഞ്ഞറിയിക്കാനാവില്ല. താങ്കളുടെ തീരുമാനത്തിന് പിന്തുണനൽകുന്ന താങ്കളുടെ അമ്മയ്ക്കും മറ്റുള്ളവർക്കും എന്റെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.
ഇതോടൊപ്പം കൊടുത്തിട്ടുള്ള താങ്കളുടെ ചിത്രങ്ങൾ തന്നെ താങ്കളുടെ പരിവർത്തനം വ്യക്തമാക്കുന്നതാണ്. കെണിയിൽ പെട്ട എലിയെപ്പോലെ ഭയന്നരണ്ട് ആശയക്കുഴപ്പത്തിലായ ഒരു രൂപത്തിൽ നിന്നും ഗർജ്ജിക്കുന്ന സിംഹിണിയെ പോലുള്ള ഒരു സ്ത്രീരൂപത്തിലെക്കുള്ള താങ്കളുടെ വളർച്ച പ്രത്യാശ നൽകുന്നതാണ്, ആരാധനയുണർത്തുന്നതാണ്. നമോവാകം!

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SANAL KUMAR SASIDHARAN, SWAPNA SURESH, FB POST, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.