മെക്സിക്കോ സിറ്റി : ലോകത്ത് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാൻസിസ് മാർപ്പാപ്പ, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറസ് എന്നിവരുൾപ്പെടുന്ന വിശ്വസമാധാന കമ്മിഷന് രൂപം നൽകണമെന്ന് മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രെ മാനുവൽ ലോപ്പസ് ഓബ്രഡോർ. ഇതു സംബന്ധിച്ച നിർദ്ദേശം ഐക്യരാഷ്ട്ര സഭയ്ക്ക് രേഖാമൂലം സമർപ്പിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലോകത്ത് യുദ്ധങ്ങൾ അവസാനിപ്പിച്ച് അഞ്ച് വർഷമെങ്കിലും വെടിനിറുത്തൽ നടപ്പാക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാവും കമ്മിഷന്റെ ചുമതല. മൂന്ന് നേതാക്കളും കൂടിക്കാഴ്ച നടത്തി സമാധാനപദ്ധതി തയ്യാറാക്കണം. യുക്രെയിൻ, തായ്വാൻ, ഇസ്രയേൽ, പാലസ്തീൻ തുടങ്ങിയ ദേശങ്ങളിലെല്ലാം യുദ്ധം അവസാനിപ്പിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോകനേതാക്കളും ദുരിതമനുഭവിക്കുന്ന ജനങ്ങളും അവരെ പിന്തുണയ്ക്കും. യു.എസ്, ചൈന, റഷ്യ എന്നിവർ യുദ്ധസമാന സാഹചര്യങ്ങൾ അവസാനിപ്പിച്ച് സമാധാനത്തിനായി പ്രവർത്തിക്കണമെന്നും ലോപ്പസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |