ഗുരുവായൂർ : ഗുരുവായൂർ നഗരസഭയുടെ പൂക്കോട് സാംസ്കാരിക കായിക സമുച്ചയം ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ എം.കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6ന് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ സാംസ്കാരിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷനാകും.
ടി.എൻ.പ്രതാപൻ എം.പി, അമൃത് മിഷൻ ഡയറക്ടർ അരുൺ കെ.വിജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ എന്നിവർ മുഖ്യാതിഥികളാകും. പൂക്കോട് പ്രദേശത്ത് 143 സെന്റ് സ്ഥലത്ത് 1.59 കോടി ചെലവഴിച്ചാണ് സാംസ്കാരിക കായിക സമുച്ചയം നിർമ്മിച്ചത്. പുൽത്തകിടി വിരിച്ച ഫുട്ബാൾ ഗ്രൗണ്ട്, ഇൻഡോർ ബാസ്കറ്റ് - ബാഡ്മിന്റൺ- വോളിബാൾ കോർട്ട്, സ്പോർട്സ് സെന്റർ, വിശാലമായ പാർക്ക്, കളിക്കാനും വ്യായാമത്തിനുമുള്ള ആധുനിക ഉപകരണങ്ങൾ, ശുചിമുറി, കഫ്റ്റീരിയ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.എം.ഷെഫീർ, എ.സായിനാഥൻ, ബിന്ദു അജിത് കുമാർ, ഷൈലജ സുധൻ, സെക്രട്ടറി ബീന എസ്.കുമാർ തുടങ്ങിയവരും പങ്കെടുത്തു.
നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വ്യത്യസ്തമായ ആറ് സ്ഥലങ്ങളിൽ കായിക വിശ്രമ വ്യായാമ സൗകര്യങ്ങൾക്കായി പാർക്കും സ്റ്റേഡിയവും നിർമ്മിച്ചു വരികയാണ്.
എം.കൃഷ്ണദാസ്
നഗരസഭ ചെയർമാൻ
രാജ്യസഭാംഗമായപ്പോൾ ഒന്നും ചെയ്യാത്ത സുരേഷ് ഗോപി
വികസന പ്രശ്നങ്ങളിൽ ഇടപെടാമെന്ന് പറയുന്നത് പരിഹാസ്യം
ഗുരുവായൂർ : ഏത് കണ്ടാലും അതിന് ഉത്തരവാദി ഞാനാണ് എന്ന് പറയുന്ന ചില കഥാപാത്രങ്ങളെയാണ് സുരേഷ് ഗോപിയുടെ പ്രദർശനം ഓർമിപ്പിക്കുന്നതെന്ന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്. കഴിഞ്ഞദിവസം സ്വകാര്യ ചടങ്ങിനെത്തിയ സുരേഷ് ഗോപി ഗുരുവായൂർ മേൽപ്പാലത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ ഇടപെടുമെന്ന് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെയർമാൻ.
ആറ് വർഷം രാജ്യസഭാംഗമായിരുന്നിട്ടും ഗുരുവായൂരിന്റെ വികസനത്തിനായി ചെറുവിരൽ അനക്കാത്ത സുരേഷ് ഗോപി ഇപ്പോൾ ഗുരുവായൂരിലെ വികസന പ്രശ്നങ്ങളിൽ ഇടപെടാമെന്ന് പറയുന്നത് പരിഹാസ്യമാണ്. സുരേഷ് ഗോപിയുടെ ഇടപെടൽ ആത്മാർത്ഥമാണെങ്കിൽ നിർമ്മാണം നടക്കുന്ന പാലത്തിന് ചുവട്ടിൽ നിന്ന് സംസാരിക്കുകയല്ല അധികൃതരുമായി ബന്ധപ്പെടുകയാണ് വേണ്ടത്. അമൃത്, പ്രസാദ് പദ്ധതികൾ കേന്ദ്ര സർക്കാർ നഗരസഭകൾക്കും തീർത്ഥാടക നഗരങ്ങൾക്കും നൽകേണ്ട പദ്ധതികളുടെ ഭാഗമായി അനുവദിച്ചതാണ്. സർക്കാർ കിഫ്ബി വഴി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഏകദേശം 50 ശതമാനത്തോളം പണി പൂർത്തിയായെന്നും ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |