ആസ്തി 13,740 കോടിഡോളർ
മുംബയ്: ലോകത്തെ ഏറ്റവും സമ്പന്നരിൽ ഗൗതം അദാനിക്ക് മുന്നിൽ ഇനിയുള്ളത് വെറും രണ്ടുപേർ. കഴിഞ്ഞ ഒരുവർഷത്തിനിടെ 6,090 കോടി ഡോളറിന്റെ വർദ്ധനയുമായി അദാനിയുടെ ആസ്തി കുതിച്ചുകയറിയത് 13,740 കോടി ഡോളറിലേക്ക് (10.93 ലക്ഷം കോടി രൂപ); ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വ പട്ടികയിലെ മൂന്നാംസ്ഥാനവും കൂടെപ്പോന്നു. ആദ്യ മൂന്നിൽ ഒരു ഏഷ്യക്കാരൻ എത്തുന്നത് ആദ്യം.
ഫ്രഞ്ച് ശതകോടീശ്വരനും പ്രമുഖ ഫാഷൻ ബ്രാൻഡായ എൽ.വി.എം.എച്ചിന്റെ ചെയർമാനുമായ ബെർണാഡ് അർണോയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് അദാനിയുടെ നേട്ടം.
ടെസ്ല, സ്പേസ് എക്സ് എന്നിവയുടെ സി.ഇ.ഒ എലോൺ മസ്കാണ് 25,100 കോടി ഡോളർ (19.97 ലക്ഷം കോടി രൂപ)ആസ്തിയുമായി ലോകത്തെ ഏറ്റവും സമ്പന്നൻ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് രണ്ടാമതാണ് (15,300 കോടി ഡോളർ - 12.17 ലക്ഷം കോടി രൂപ).
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 11-ാംസ്ഥാനത്താണ്; ആസ്തി 9,190 കോടി ഡോളർ (7.31 ലക്ഷം കോടി രൂപ). ഫെബ്രുവരിയിൽ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയിരുന്നു.
പട്ടികയിലെ മലയാളികളിൽ ഒന്നാമൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ്. 587 കോടി ഡോളർ (46,716 കോടി രൂപ) ആസ്തിയുമായി 399-ാം സ്ഥാനത്താണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |