SignIn
Kerala Kaumudi Online
Thursday, 30 March 2023 2.56 PM IST

ഗോർബച്ചേവിന് യാത്രാമൊഴി, ആദരമർപ്പിച്ച് ആയിരങ്ങൾ

russia

മോസ്‌കോ: ചൊവ്വാഴ്ച അന്തരിച്ച സോവിയ​റ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായിൽ ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങുകൾ ഇന്നലെ നടന്നു. രാഷ്ട്രത്തിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളില്ലാതെയായിരുന്നു ചടങ്ങുകൾ. എന്നാൽ, ഗാർഡ് ഒഫ് ഓണർ നൽകി.

ചടങ്ങുകളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് പുട്ടിന്റെ തീരുമാനം. വ്യാഴാഴ്ച രാവിലെ ഗോർബച്ചേവിന്റ മൃതദേഹം സൂക്ഷിച്ചിരുന്ന മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിലെത്തി പുട്ടിൻ അന്തിമോപചാരം അർപ്പിച്ചിരുന്നു.

ആയിരക്കണക്കിന് പേരാണ് ഗോർബച്ചേവിന് അന്തിമോപചാരം അർപ്പിക്കാൻ ഇന്നലെ മോസ്കോയിലെ പ്രശസ്തമായ ഹൗസ് ഒഫ് യൂണിയൻസിലെ ഹാൾ ഒഫ് കൊളംസിലെത്തിയത്. ജോസഫ് സ്റ്റാലിൻ, ലെനിൻ അടക്കമുള്ള സോവിയറ്റ് നേതാക്കൻമാരുടെ മൃതദേഹങ്ങളും ഇവിടെ പൊതുദർശനത്തിന് വച്ചിട്ടുണ്ട്.

ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ഓടെയാണ് പൊതുദർശനം ആരംഭിച്ചത്. ഗോർബച്ചേവിന്റെ ഒരു വലിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഹാളിന്റെ ബാൽക്കണിയിൽ തൂക്കിയിട്ടിരുന്നു. ശോക സംഗീതം മുഴങ്ങിയ ഹാളിൽ തുറന്ന പെട്ടിയിൽ കിടത്തിയിരുന്ന ഗോർബച്ചേവിന്റെ മൃതദേഹം അവസാനമായി കാണാൻ മണിക്കൂറുകളോളം പോതുജനങ്ങളുടെ ക്യൂ നീണ്ടു. ഗോർബച്ചേവിന്റെ മകൾ ഐറിനയും മറ്റ് ബന്ധുക്കളും ഹാളിലുണ്ടായിരുന്നു. ഹംഗറിയുടെ പ്രധാനമന്ത്രിയായ വിക്ടർ ഒർബാൻ മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത ഏക വിദേശ നേതാവ്.

മുൻ റഷ്യൻ പ്രസിഡന്റ് ഡിമിട്രി മെഡ്‌വഡേവ്, നോബൽ സമ്മാന ജേതാവായ റഷ്യൻ മാദ്ധ്യമ പ്രവർത്തകൻ ഡിമിട്രി മുററ്റോവ് തുടങ്ങിയവരും പങ്കെടുത്തു. യു.എസ്, യു.കെ, ജർമ്മനി എന്നീ രാജ്യങ്ങളുടെ അംബാസഡർമാരും പങ്കെടുത്തു. യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലെ ഉപരോധങ്ങൾക്ക് മറുപടിയായി പല പാശ്ചാത്യ നേതാക്കൾക്കും റഷ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മൂന്നര മണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം മോസ്കോയിലെ സെൻട്രൽ നൊവൊഡെവിച്ചി സെമിത്തേരിയിലെത്തിച്ചു. ശീതയുദ്ധം സമാധാനപരമായി അവസാനിപ്പിച്ച ഗോർബച്ചേവിന് ഭാര്യ റെയ്സയുടെ കല്ലറയ്ക്ക് സമീപം അന്ത്യവിശ്രമമൊരുക്കി. 1999ൽ രക്താർബുദം ബാധിച്ചാണ് റെയ്സ മരിച്ചത്.

16ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട നൊവൊഡെവിച്ചി സെമിത്തേരിയിൽ റഷ്യയുടെ ആദ്യ പ്രസിഡന്റും ഗോർബച്ചേവിന്റ രാഷ്ട്രീയ എതിരാളിയുമായിരുന്ന ബോറിസ് യെൽ‌റ്റ്‌സും അന്ത്യവിശ്രമം കൊള്ളുന്നു. നികിത ക്രുഷ്‌ചേവ് മാത്രമാണ് ഗോർബച്ചേവിനെ കൂടാതെ ഇവിടെ സംസ്കരിക്കപ്പെട്ട സോവിയറ്റ് നേതാവ്. ഗോർബച്ചേവിന് മുമ്പ് പൂർണ്ണ ഔദ്യോഗിക ബഹുമതികളില്ലാതെ സംസ്കരിക്കപ്പെട്ട അവസാന നേതാവ് ഇദ്ദേഹമാണ്.

മറ്റ് സോവിയറ്റ് നേതാക്കളെ റെ‌ഡ് സ്ക്വയറിലെ ക്രെംലിൻ വോൾ നെക്രോപൊലിസിലാണ് സംസ്കരിച്ചിരിക്കുന്നത്. റഷ്യയിലെ പ്രമുഖരായ രാഷ്ട്രീയക്കാർ,​ കവികൾ,​ രാജകുടുംബാംഗങ്ങൾ,​ പണ്ഡിതർ ഉൾപ്പെടെയുള്ളവരുടെ കല്ലറകളും നൊവൊഡെവിച്ചി സെമിത്തേരിയിൽ കാണാം. രാജ്യത്തിന്റെ സമ്പൂർണ ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങ് നൽകാതിരുന്നത് ഗോർബച്ചേവിനോടുള്ള പുട്ടിൻ ഭരണകൂടത്തിന്റെ അതൃപ്തിയാണ് തുറന്നുകാട്ടുന്നത്.

സോവിയറ്റ് യൂണിയന്റെ പതനത്തിന് വഴിയൊരുക്കിയെ ഗോർബച്ചേവും പുട്ടിനും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത് 2006ലാണെന്ന് കരുതുന്നു. യുക്രെയിൻ അധിനിവേശത്തോട് ഗോർബച്ചേവിന് അതൃപ്തിയുണ്ടായിരുന്നതായും പറയുന്നു. അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ഫൗണ്ടേഷൻ സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.