കാസർകോട്: കുട്ടികളുടെ സുരക്ഷിതത്വവും നന്മയും മുൻ നിർത്തി കേരളാ പൊലീസ് ആവിഷ്കരിച്ച ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾ മാതൃകയാകുന്നു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, വിദ്യാനഗർ, കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ, ബദിയടുക്ക, ആദൂർ, ബേഡകം, ബേക്കൽ, അമ്പലത്തറ, രാജപുരം, നീലേശ്വരം, വെള്ളരിക്കുണ്ട് എന്നിവയാണ് ജില്ലയിലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾ.
അഡീഷണൽ എസ്.പി പി.കെ. രാജു ആണ് ജില്ലാ നോഡൽ ഓഫീസർ. കൂടാതെ ഒരു ജില്ലാ കോർഡിനേറ്ററുമുണ്ട്. കുട്ടികളുമായി ഇടപെടാനും സ്റ്റേഷൻ പരിധിയിൽ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ അന്വേഷിക്കുന്നതിനുമായി ഒരു ചൈൽഡ് വെൽഫയർ ഓഫീസറും ഒരു അസിസ്റ്റന്റ് വെൽഫയർ ഓഫീസറും ഉണ്ടാകും. അസിസ്റ്റന്റ് വെൽഫയർ ഓഫീസർ വനിതാ പൊലീസ് ആയിരിക്കും. ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്റെ ഭാഗമായി നടത്തുന്ന ചിരി പദ്ധതിയിലൂടെ കഴിഞ്ഞ ഒരു വർഷമായി ജില്ലയിൽ 1500 ൽ കൂടുതൽ പരാതികൾ വന്നിട്ടുണ്ട്.
ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾ
കുട്ടികൾക്ക് സന്തോഷത്തിന് വകനൽകുന്ന ഒട്ടേറെ കാര്യങ്ങളുണ്ടിവിടെ. കുട്ടികൾക്ക് ഭയരഹിതരായി സമയം ചിലവഴിക്കാം. ആശങ്കയില്ലാതെ സ്റ്റേഷനിൽ വരാനും അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും കഴിയുന്ന സാഹചര്യമുണ്ടാകും. കുട്ടികൾക്കായി പ്രത്യേക സ്ഥലമോ കെട്ടിടമോ സ്റ്റേഷനുകളിൽ ഉണ്ടാകും. ടി.വി, പുസ്തകങ്ങൾ, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. പൊലീസുകാരുടെ മനോഭാവത്തിലും വ്യത്യസ്തതയുണ്ട്. കുട്ടികളെ കുറ്റവാളികളായി കാണാതെ അവരുടെ പ്രശ്നങ്ങളിൽ ഇറങ്ങിച്ചെല്ലാൻ ഇവർക്കാവുന്നു.
ബൈറ്റ്വഴിതെറ്റിപ്പോകുമായിരുന്ന പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു പാട് കുട്ടികളെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾ വഴിയും ചിരി പദ്ധതിയിലൂടെയും നേർ വഴിയിലേക്ക് എത്തിക്കാൻ സാധിക്കുന്നുണ്ട്.
പി. കെ. രാജു
(ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ ജില്ലാ നോഡൽ ഓഫീസർ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |