കൊച്ചി: റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിന് കീഴിലെ സ്വകാര്യ ഇന്ത്യൻ എണ്ണക്കമ്പനിയായ നയാര എനർജിയുടെ ചെയർമാനായി കോട്ടയം സ്വദേശി പ്രസാദ് കെ. പണിക്കർ നിയമിതനായി. നിലവിലെ ചെയർമാൻ ചാൾസ് ടോണി ഫൗണ്ടൻ കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് പ്രസാദിന്റെ നിയമനം. ഒക്ടോബർ മൂന്നിന് പ്രസാദ് ചുമതലയേൽക്കും.
പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്നു പ്രസാദ്. 2020 ഫെബ്രുവരിയിൽ നയാരയിൽ ചേർന്നു. ഡയറക്ടർ ബോർഡ് അംഗവും റിഫൈനറി മേധാവിയുമായി പ്രവർത്തിക്കവേയാണ് പുതിയ നിയമനം.
പഴയ എസ്സാർ ഓയിലാണ് റോസ്നെഫ്റ്റ് ഏറ്റെടുത്തതോടെ നയാര എനർജിയായത്. ഗുജറാത്തിൽ പ്രതിവർഷം രണ്ടുകോടി ടൺ ശേഷിയുള്ള റിഫൈനറിയും രാജ്യമാകെ 6,000ലേറെ പെട്രോൾ പമ്പുകളുമുള്ള നയാര, രണ്ടാമത്തെ വലിയ സ്വകാര്യ എണ്ണക്കമ്പനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |