ആലത്തൂർ: പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നിറ കാർഷിക ഉത്പാദന വിപണന സമിതിയുടെ നേതൃത്വത്തിൽ ആലത്തൂരിൽ നാട്ടുചന്തയ്ക്ക് തുടക്കമായി. പ്രാദേശികമായ കാർഷിക വിഭവങ്ങളുടെ കൈമാറ്റം, കർഷകർക്ക് ന്യായവില, ഇടനിലക്കാരില്ലാതെ കാർഷിക ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്ക് നാട്ടുചന്ത വഴിയൊരുക്കും. ആലത്തൂർ പുതിയ ബസ് സ്റ്റാൻഡിലുള്ള നിറ ഇക്കോഷോപ്പ് പരിസരത്ത് എല്ലാ തിങ്കളാഴ്ചയും രാവിലെ 9.30 മുതൽ 5.30 വരെയാണ് നാട്ടുചന്ത പ്രവർത്തിക്കുക. ആലത്തൂരിലെയും പരിസര പ്രദേശത്തെയും കർഷകർ ഉത്പാദിപ്പിക്കുന്നവ ചന്തയിലൂടെ വിപണനം നടത്തും. വി.എഫ്.പി.സി.കെ കർഷകരുടെ ഉത്പന്നങ്ങളും ലഭ്യമാകും. കൃഷിവകുപ്പിന്റെ സഹായത്തോടെയുളള കർഷകരുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളും ലഭ്യമാണ്.
ഇക്കോഷോപ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്വന്തമായി വിപണനം നടത്താൻ താത്പര്യമുള്ളവർക്ക് സ്ഥലം ലഭ്യമാക്കാനും അവസരമൊരുക്കും. നിറ കാർഷിക ഉത്പാദന വിപണ സമിതിയിലെ സേവന സജ്ജരായ കർഷകർ തന്നെയാണ് നാട്ടുചന്തയുടെ വിപണി പ്രവർത്തകർ.
നാട്ടുചന്തയുടെ ഉദ്ഘാടനം ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഷൈനി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. കുമാരി, വാർഡ് അംഗം നജീബ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മേരി വിജയ, കൃഷി ഓഫീസർ എം.വി. രശ്മി, നിറ കാർഷിക ഉത്പാദന സമിതി പ്രസിഡന്റ് കെ.ഡി. ഗൗതമൻ എന്നിവർ സംസാരിച്ചു.
ആലത്തൂരിൽ ആരംഭിച്ച നാട്ടുചന്ത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |