ന്യൂയോർക്ക് : ലോകത്തെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോഡിന് ഉടമയായ ' പെബ്ൾസ്" ഇനി ഓർമ. 22ാം വയസിലാണ് പെബ്ൾസ് ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. നാല് പൗണ്ട് ഭാരമുള്ള ഫോക്സ് ടെറിയർ ഇനത്തിലെ പെബ്ൾസ് തിങ്കളാഴ്ചയാണ് ചത്തതെന്നും മരണം സ്വാഭാവികമായിരുന്നെന്നും ഗിന്നസ് അധികൃതർ അറിയിച്ചു.
23ാം പിറന്നാൾ ആഘോഷിക്കാൻ ഏതാനും മാസങ്ങൾ ബാക്കി നിൽക്കെയാണ് പെബ്ൾസിന്റെ വിയോഗം. യു.എസിലെ സൗത്ത് കാരലൈനയിലെ വസതിയിൽ പെബ്ൾസിന്റെ മരണ സമയം ഉടമകളായ ബോബി ഗ്രിഗറിയുടെയും ജൂലി ഗ്രിഗറിയുടെയും അടുത്തുണ്ടായിരുന്നു. പെബ്ൾസ് ഒരു വളർത്തുനായ എന്നതിലുപരി തങ്ങൾക്ക് ഒരു അടുത്ത സുഹൃത്തും കുടുംബാംഗവുമായിരുന്നു എന്ന് ബോബിയും ജൂലിയും പറയുന്നു.
2000 മാർച്ച് 28ന് ന്യൂയോർക്കിലാണ് പെബ്ൾസിന്റെ ജനനം. മേയിലാണ് പെബ്ൾസ് ലോകത്തെ ഏറ്റവും പ്രായം കൂടിയ നായ ആണെന്ന് ഗിന്നസ് ബുക്ക് ഔദ്യോഗികമായി അംഗീകരിച്ചത്. ഈ റെക്കോഡ് വഹിച്ചിരുന്ന ഫ്ലോറിഡയിൽ നിന്നുള്ള 21 വയസുള്ള ടോബി കെയ്ത്ത് എന്ന വളർത്തുനായയെ കുറിച്ച് വായിച്ചപ്പോഴാണ് പെബ്ൾസ് ശരിക്കും ഈ റെക്കോഡിന് അർഹയാണെന്ന് ബോബിയും ജൂലിയും തിരിച്ചറിഞ്ഞതും ഗിന്നസിൽ അപേക്ഷ സമർപ്പിച്ചതും.
പാട്ട് കേൾക്കാൻ ഏറെ ഇഷ്ടമുണ്ടായിരുന്ന പെബ്ൾസിന് വൈകിട്ട് അഞ്ച് മണി വരെ ഉറങ്ങുന്ന സ്വഭാവമുണ്ടായിരുന്നു. പുതിയ ഭക്ഷണ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമുണ്ടായിരുന്ന പെബ്ൾസിന് കഴിഞ്ഞ പത്ത് വർഷമായി ലളിതമായ ആഹാര ക്രമമായിരുന്നു പാലിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |