മാഹി: പിഞ്ചുകുഞ്ഞുങ്ങളുമായി ബൈക്കിൽ പോകുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയും ഇടപെട്ട നാട്ടുകാരെയും പൊലീസുകാരെയുമടക്കം മർദ്ദിക്കുകയും ചെയ്ത യുവതിയെ പന്തക്കൽ പൊലീസ് അറസ്റ്റുചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വടക്കുമ്പാട് കുളി ബസാറിലെ കാരാട്ടുകുന്ന് കല്യാണം വീട്ടിൽ റസീനയെയാണ് (29) രണ്ട് ആൾ ജാമ്യത്തിൽ വിട്ടയച്ചത്. കഴിഞ്ഞ ആഴ്ച തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ കടയിൽ കയറിയും റസീന അതിക്രമം കാട്ടിയിരുന്നു.
ബുധനാഴ്ച സന്ധ്യയോടെയാണ് മദ്യപിച്ചെത്തിയ യുവതി പന്തോക്കാട്ടിൽ അഴിഞ്ഞാടിയത്. മുൻ മാഹി നഗരസഭാംഗം ചെമ്പ്രയിലെ ഉത്തമൻ തിട്ടയിലിന്റെ മകൾ അനിഷയും ഭർത്താവ് പ്രശാന്തും ഇരു കുഞ്ഞുങ്ങളുമായി പോകുന്നതിനിടയിലാണ് യുവതി ഓടിച്ച ബെലനോ കാർ ഇടിച്ചത്. ദമ്പതികൾക്കും ഏഴും മൂന്നും വയസുള്ള കുഞ്ഞുങ്ങൾക്കും പരിക്കേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ അപകടത്തിൽ നിന്ന് ഇവർ ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ നമ്പർ പ്ലേറ്റ് തെറിച്ചുപോയിരുന്നു. സംഭവം ചോദ്യം ചെയ്ത നാട്ടുകാരുടെ നേരെ കാറിൽ നിന്ന് ഇറങ്ങിയ യുവതി വെല്ലുവിളി നടത്തുകയായിരുന്നു.
ആളുകളെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാൻ യുവതി ഒരുമ്പെട്ടതോടെയാണ് പൊലീസ് എത്തിയത്. പൊലീസിനെയും യുവതി കൈയേറ്റം ചെയ്തു. തുടർന്ന് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇവർ ഓടിച്ച കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. വൈദ്യ പരിശോധനക്ക് വിധേയമാക്കിയതിനു ശേഷം മാതാവിനും സഹോദരനുമൊപ്പം രാത്രി വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിനും മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനുമടക്കം ഇന്ത്യൻ ശിക്ഷാ നിയമം 279,337,294( ബി), 323, 427, 185 എം.വി.ആക്ട് എന്നിവ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്.
തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിലെ കല്ലാണം വീട്ടിൽ യുവതി തനിച്ചാണ് താമസം.