ന്യൂഡൽഹി: ബി.ജെ.പിയും ആംആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ത്രികോണ പോരാട്ടം നടക്കുന്ന ഡൽഹി കോർപ്പറേഷനിലെ 250 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതിന് ഒരു ദിവസം മുമ്പ് ഡിസംബർ ഏഴിന് വോട്ടെണ്ണും.
709 സ്ത്രീകളുൾപ്പെടെ 1,349 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആം ആദ്മി പാർട്ടിയും ബി.ജെ.പിയും 250 സീറ്റുകളിലും കോൺഗ്രസ് 247സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ബി.ജെ.പിക്കു വേണ്ടി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, കോൺഗ്രസിനായി മുൻ ചലച്ചിത്രതാരം നഗ്മ, ആം ആദ്മി പാർട്ടിക്കായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി ഗോപാൽ റായ് തുടങ്ങിയവർ ഇന്നലെ റോഡ് ഷോ നടത്തി. ഇതിനിടെ തെരുവു കച്ചവടക്കാരുടെ ആഴ്ചച്ചന്തകൾ സ്ഥിരപ്പെടുത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു.
15 വർഷമായി ബി.ജെ.പിയാണ് ഡൽഹി കോർപ്പറേഷൻ ഭരിക്കുന്നത്. 2012ൽ ഈസ്റ്റ്, നോർത്ത്, സൗത്ത് എന്നിങ്ങനെ കോർപ്പറേഷൻ വിഭജിച്ചിരുന്നെങ്കിലും ഭരണസൗകര്യവും വരുമാന സ്രോതസുകളും കണക്കിലെടുത്ത് മൂന്നും ലയിപ്പിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
2017ൽ 272 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി 181 സീറ്റുകൾ നേടിയപ്പോൾ ആംആദ്മി 49ലും കോൺഗ്രസ് 31ലും വിജയിച്ചു. ഇക്കുറി കോർപ്പറേഷനുകൾ ലയിച്ചതോടെ വാർഡുകൾ 250 ആയി കുറഞ്ഞു. ഇത്തവണ 1.46 കോടി വോട്ടർമാരാണ് വിധി തീരുമാനിക്കുക.
പാർട്ടികൾ ലക്ഷ്യമിടുന്നത്:
ബി.ജെ.പി: ഭരണ നിലനിറുത്തൽ
എ.എ.പി: സംസ്ഥാന ഭരണത്തിനൊപ്പം കോർപ്പറേഷൻ ഭരണവും
കോൺഗ്രസ്: സംസ്ഥാനത്ത് തിരിച്ചുവരൽ
ആകെ 13,638 പോളിംഗ് സ്റ്റേഷനുകൾ. 68 മോഡൽ പോളിംഗ് സ്റ്റേഷനുകളും 68 പിങ്ക് പോളിംഗ് സ്റ്റേഷനുകളും
തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നാളെ പുലർച്ചെ നാല് മുതൽ മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി, ദേശീയ തലസ്ഥാന മേഖലയിൽ ഇന്നലെ വൈകിട്ട് 5.30 മുതൽ മൂന്ന് ദിവസത്തേക്ക് മദ്യവില്പന നിർത്തി. ഡിസംബർ ഏഴിന് വോട്ടെണ്ണൽ ദിവസവും മദ്യവില്പന ഉണ്ടാകില്ല
സർക്കാർ സ്കൂളുകൾക്ക് ഇന്ന് അവധി
ഡൽഹിയിൽ ജനങ്ങൾക്ക് ആംആദ്മി പാർട്ടിയെ മടുത്തു. മാറ്റത്തിനായി ബി.ജെ.പിക്ക് വോട്ടു ചെയ്യാൻ ജനം ഉത്സുകരാണ്: ജെ.പി. നദ്ദ(ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ)
അഴിമതിയിൽ മുങ്ങിയ കോർപ്പറേഷനുകളെ ശുദ്ധീകരിക്കാൻ ആംആദ്മി പാർട്ടിക്ക് അവസരം നൽകണം: അരവിന്ദ് കേജ്രിവാൾ(എ.എ.പി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |