മോസ്കോ : യുക്രെയിന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കിയുള്ള തങ്ങളുടെ ആക്രമണങ്ങൾ ഒഴിവാക്കാനാകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് ആഗ്രഹിച്ചാൽ അദ്ദേഹവുമായി യുക്രെയിൻ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് പുട്ടിന്റെ മറുപടി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുട്ടിന്റെ പ്രതികരണം. അതേ സമയം, യുക്രെയിനിൽ തങ്ങളുടെ സൈനിക നടപടി തുടരുമെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് ബൈഡനുള്ള മറുപടിയായി പറഞ്ഞു. യുക്രെയിനിൽ നിന്ന് അടുത്തിടെ റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേർത്ത പ്രദേശങ്ങളെ അംഗീകരിക്കാത്ത പക്ഷം സമാധാന ചർച്ചകൾ കഠിനമാകുമെന്നും പെസ്കൊവ് പറഞ്ഞു.