തിരുവനന്തപുരം: പവർലിഫ്‌ടിംഗ് ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി ജേതാവായും ജിംനാസ്റ്റിക് പരിശീലകനായും കായിക രംഗത്ത് മിന്നിത്തിളങ്ങിയ ശ്യാംലാലിനെ സാമ്പത്തിക ദുർമോഹമാണ് ടൈറ്റാനിയത്തിലെ തൊഴിൽ തട്ടിപ്പ് കേസിൽ പ്രതിയായി അകത്താകാൻ ഇടയാക്കിയത്. മണക്കാട്ടെ അറിയപ്പെടുന്ന കുടുംബത്തിൽ ജനിച്ച ശ്യാംലാൽ മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടിലാണ് പഠിച്ചതും വളർന്നതും. സ്കൂൾ പഠന കാലത്തെ സുഹൃത്തായിരുന്ന ശശികുമാരൻ തമ്പി ട്രാവൻകൂർ ടൈറ്റാനിയത്തിൽ സ്ഥാനക്കയറ്റത്തെ തുടർന്ന് പ്രധാന പദവിയിലെത്തിയതോടെയാണ് ഇരുവരും ചേർന്ന് മറ്റുപ്രതികളുടെ സഹായത്തോടെ തൊഴിൽതട്ടിപ്പിനിറങ്ങിയത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി നിരവധിപേരെ തൊഴിൽ തട്ടിപ്പിനിരയാക്കിയ സംഘം രണ്ട് കോടിയോളം രൂപ പലരിൽ നിന്നായി കീശയിലാക്കി. ഇന്റർവ്യൂ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാതെ വന്നതിൽ സംശയം തോന്നി ചോദ്യം ചെയ്തവരിൽ ചിലർക്ക് പണം തിരിച്ചു നൽകി സംഭവം ഒതുക്കാൻ ഇവർ തയ്യാറായ വിവരം പുറത്തുവന്നതോടെയാണ് മറ്റുള്ളവർക്കും ഇവർ തട്ടിപ്പാണ് നടത്തിയതെന്ന് ബോദ്ധ്യപ്പെട്ടത്. കുറെക്കാലം ഗൾഫിലും ജോലിനോക്കിയിട്ടുള്ള ശ്യാംലാൽ നാലാഞ്ചിറയിൽ ഒരു ഫിറ്റ്നസ് സെന്റർ നടത്തുന്നുണ്ട്. ഇവിടെ പ്രേംകുമാറും നിത്യസന്ദർശകനാണ്.
അഭിഭാഷകയായ ഭാര്യയും രണ്ട് മക്കളുമുള്ള ശ്യാംലാൽ നിലവിൽ മറ്റൊരു യുവതിക്കൊപ്പമാണ് താമസം. ആഡംബര ജീവിതത്തിനും ആർഭാടത്തിനുമുള്ള പണത്തിനായാണ് തട്ടിപ്പിനിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |