കൊല്ലം : വേനലെത്തും മുമ്പേ ജില്ലയുടെ മലയോര മേഖലകളിൽ കുടിവെളളത്തിനായി ജനം ഓട്ടംതുടങ്ങി. പത്തനാപുരം, പുനലൂർ താലൂക്കുകളിലെ മലയോര പ്രദേശങ്ങളെയാണ് ജലക്ഷാമം ബാധിച്ചു തുടങ്ങിയത്. രൂക്ഷമായ ചൂടാണ് കിഴക്കൻ മേഖലയിൽ അനുഭപ്പെടുന്നത്. വേനൽ മഴയുടെ ലഭ്യത ഇത്തവണ കുറവായതിനാൽ അത് കുടിവെളളത്തിന്റെ ലഭ്യതയെ കാര്യമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
കല്ലടയാറ്റിലെയും പോഷകനദികളിലെയും വെള്ളമാണ് മലയോര മേഖലയെ ജലസമൃദ്ധമാക്കുന്നത്. വേനൽ കടുത്തതോടെ കല്ലടയാറ്റിലെയും പോഷക നദികളിലെയും വെളളം ക്രമാതീതമായി കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. നദീജലത്തെ ആശ്രയിച്ചുള്ള കുടിവെളള പദ്ധതിയെയും വരും ദിവസങ്ങളിൽ ഇത് ബാധിച്ചുതുടങ്ങും. മലയോര മേഖലയിൽ മാത്രമല്ല, കൊല്ലം നഗരം വരെയുള്ള തീരപ്രദേശങ്ങളിലും ഈ കുടിവെളള പദ്ധതികളിൽ നിന്നാണ് കുടിവെളളം ലഭിക്കുന്നത്.
പത്തനാപുരത്തും രൂക്ഷം
പത്തനാപുരം താലൂക്കിലെ ഉയർന്ന പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ കുടിവെളളത്തിന് ക്ഷാമമാണ്. പൂക്കുന്നിമല, കുര്യോട്ടുമല കുടിവെളള പദ്ധതികളുണ്ടെങ്കിലും വേനൽക്കാലത്തെ വർദ്ധിച്ച ജല ആവശ്യം നിറവേറ്റാൻ ഇതൊന്നും പര്യാപ്തമല്ല. ഉയർന്ന പ്രദേശങ്ങളിൽ വെളളം എത്താറില്ല. പല ദിവസങ്ങളിലും വീടുകളിൽ വെളളം കിട്ടാറുമില്ല. കടയ്ക്കാമൺ, പട്ടാഴി വടക്കേക്കര, മാങ്കോട്, ചെളിക്കുഴിക്ക് പടിഞ്ഞാറ് ഭാഗം, ഏറത്ത് വടക്ക്, താഴത്ത് വടക്ക് തുടങ്ങിയ പ്രദേശങ്ങളിലാകെ കുടിവെളള ക്ഷാമം രൂക്ഷമാണ്.
ആശ്രയം കെ.ഐ.പി കനാൽ
വേനൽ കടുക്കുമ്പോൾ കെ.ഐ.പി കനാലിലെ വെളളമാണ് കൃഷി നിലനിർത്തുന്നത്. ജലാശയങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴാതെ പിടിച്ചുനിറുത്തുന്നത് കനാൽ ജലമാണ്. എന്നാൽ, സമയബന്ധിതമായി അറ്റകുറ്റപ്പണികൾ ചെയ്യാത്തത് കാരണം പൊട്ടിപ്പൊളിഞ്ഞും മാലിന്യം നിറഞ്ഞും കനാലിലെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിലൂടെ ജലം വൻതോതിൽ നഷ്ടമാകുന്നുമുണ്ട്.
കനാലിൽ തളളുന്ന മാലിന്യമാണ് മറ്റൊരു ഗുരുതര പ്രശ്നം. തൊഴിലുറപ്പ് പദ്ധതിയിലൂടെ നേരത്തെ കനാൽ ശുചീകരണം നടത്തിരുന്നെങ്കിലും അടുത്തകാലത്തായി അതും നിലച്ചു. കനാലുകളുടെ തകർച്ച മലയോര മേഖലകളിലെ കൃഷിയെയാണ് ഏറ്റവുമധികം ബാധിച്ചത്. കനാലുകൾ സമയബന്ധിതമായി നവീകരിച്ചാൽ മാത്രമേ ഇതിനൊരു ശാശ്വത
പരിഹാരമാകു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |