ന്യൂഡൽഹി: റൺ വെയിൽ വിമാനം കയറാനായി ബസിൽ എത്തിയ 55 യാത്രക്കാരെ കൂടാതെ വിമാനം പറന്നുയർന്നു. തിങ്കളാഴ്ച രാവിലെ 6.30 ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന ഗോ ഫസ്റ്റ് ജി 8- 116 വിമാനമാണ് ഗുരുതര വീഴ്ച വരുത്തിയത്. ആശയ വിനിമയം, ഏകോപനം, സ്ഥിരീകരണം തുടങ്ങിയ കാര്യങ്ങളിൽ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ ഡി.ജി.സി.എ വിമാന കമ്പനിയോട് വിശദീകരണം തേടി. മറുപടി നല്കാൻ രണ്ടാഴ്ചയാണ് സമയം അനുവദിച്ചിട്ടുള്ളത്.
അതേസമയം അശ്രദ്ധയാൽ സംഭവിച്ച തെറ്രിന് ക്ഷമാപണം നടത്തിയ ഗോ ഫസ്റ്റ് അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാൻ യാത്രക്കാർക്ക് ഒരു ടിക്കറ്റ് വാഗ്ദാനം ചെയ്തു. സംഭവത്തിന് കാരണക്കാരായ ജീവനക്കാരെ ഒഴിവാക്കിയെന്നും കമ്പനി അറിയിച്ചു. വിമാനത്തിൽ കയറാൻ സാദ്ധിക്കാതിരുന്ന നിരവധി യാത്രക്കാർ അതിഭീകരമായ അനുഭവമാണ് തങ്ങൾ നേരിട്ടതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രേ മോദിയെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.
ഇതോടെ സംഭവം വലിയ വിവാദമാകുകയും ഡി.ജി.സി.എ ഗോ ഫസ്റ്റിനോട് വിശദീകരണം ആവശ്യപ്പെടുകയുമായിരുന്നു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡി.ജി.സി.എ അറിയിച്ചു. വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാരെ നാല് ബസുകളിലായാണ് റൺവെയിലെത്തിച്ചത്. അതിൽ ഒരു ബസിലുണ്ടായിരുന്ന 55 യാത്രക്കാർ വിമാനത്തിൽ കയറാനായി കാത്തിരിക്കുന്നതിനിടയിൽ വിമാനം പറന്നുയരുകയായിരുന്നു. വിമാനം തിരിച്ച് ലാൻഡ് ചെയ്യുമെന്ന് ഗ്രൗണ്ട് സ്റ്റാഫ് ആദ്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതായും യാത്രക്കാർ പറഞ്ഞു. എന്നാൽ അതുണ്ടാകതെ വന്നതോടെ രോഷാകുലരായ യാത്രക്കാർ വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയെയും പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയായിരുന്നു. മണിക്കുറുകൾക്കു ശേഷം രാവിലെ 10ന് വിമാന കമ്പനി എയർ ഇന്ത്യ വിമാനത്തിൽ 53 യാത്രക്കാരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. ബാക്കി രണ്ട് പേർ റീഫണ്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് കമ്പനി പണം നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |