മനില: രുചികരമായ വിഭവങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളിൽ ഒന്നാണ് ഉള്ളി ( സവാള ). സാലഡ് മുതൽ ചിക്കൻ കറിയിൽ വരെ ഉള്ളിയുടെ റോൾ ഒന്ന് വേറെ തന്നെ. ഫിലിപ്പീൻസിൽ ഒരുവിധം എല്ലാ വിഭവങ്ങളിലും ഉള്ളി ചേർക്കാറുണ്ട്. എന്നാലിന്ന് ഉള്ളി വാങ്ങാൻ ഫിലിപ്പീൻസിൽ നെട്ടോട്ടമാണ്. കാരണം രാജ്യത്ത് ചിക്കനേക്കാൾ ഏകദേശം മൂന്നിരട്ടിയോളം വിലയാണ് ഇന്ന് ഉള്ളിക്ക്. !
ചുവപ്പ്, വെള്ള നിറത്തിലെ ഉള്ളിക്ക് കിലോയ്ക്ക് 600 ഫിലിപ്പൈൻ പെസോസ് ( 11 ഡോളർ ) വരെ ആയിരുന്നു കഴിഞ്ഞ ദിവസം നിരക്ക്. ഒരു കിലോ ചിക്കന്റെ വിലയാകട്ടെ 220 പെസോസും ( 4 ഡോളർ ).! ഇപ്പോൾ ലോകത്ത് ഏറ്റവും വിലകൂടിയ ഉള്ളി ലഭിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഫിലിപ്പീൻസ്. കഴിഞ്ഞ വർഷം രാജ്യത്ത് കനത്ത നാശം വിതച്ച കൊടുങ്കാറ്റുകളാണ് ഉള്ളി വില കുതിക്കാൻ കാരണം. കോടിക്കണക്കിന് ഡോളറിന്റെ കൃഷിയാണ് രാജ്യത്ത് നശിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി വിലക്കയറ്റവും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസിലെ ജനങ്ങളെ വേട്ടയാടുന്നുണ്ട്. രാജ്യത്തേക്ക് 21,060 മെട്രിക് ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ പ്രസിഡന്റ് ഫെർഡിനന്റെ മാർക്കോസ് ജൂനിയർ അംഗീകാരം നൽകിയിട്ടുണ്ട്. ജനുവരി 27ഓടെ ഇത് രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷ. ഇത് താത്കാലിക ആശ്വാസം നൽകുമെങ്കിലും ഫെബ്രുവരിയിൽ നടക്കുന്ന വിളവെടുപ്പിലാണ് എല്ലാ പ്രതീക്ഷയും. പ്രതിമാസം ശരാശരി 17,000 മെട്രിക് ടൺ ഉള്ളിയെങ്കിലും ഫിലിപ്പീൻസ് ജനത ഉപയോഗിക്കുന്നതായാണ് കണക്ക്.
ഉള്ളിക്കടത്ത്
വിദേശത്തുള്ള ഫിലിപ്പീൻസുകാർ ഇപ്പോൾ രാജ്യത്തേക്ക് മടങ്ങിയെത്തുമ്പോൾ പെട്ടിയിൽ ഉള്ളിയുമായാണ് എത്തുക. ഇതിനിടെ അധികൃതമായി ഉള്ളിക്കടത്തും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഡിസംബർ 23ന് 310,000 ഡോളറിന്റെ ഉള്ളി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. രണ്ട് ദിവസം മുന്നേ ചൈനയിൽ നിന്ന് പേസ്ട്രി ബോക്സുകളിൽ ഒളിപ്പിച്ച നിലയിൽ 364,000 ഡോളറിന്റെ ഉള്ളിയും കസ്റ്റംസ് പിടികൂടി. ഉള്ളിക്കടത്ത് തടയാൻ ഒരു ടാസ്ക് ഫോഴ്സിനെ ഉടൻ രൂപീകരിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |