പാലക്കാട്: വിലത്തകർച്ച നേരിട്ടിരുന്ന അടയ്ക്കാ കർഷകർക്ക് ഏറെ ആശ്വാസത്തിന്റെ സീസണാണിത്. നിലവിൽ കൊട്ടടയ്ക്ക (ഉണങ്ങിയ അടയ്ക്ക) കിലോയ്ക്ക് 380 രൂപയാണ് വിപണിവില. ചമ്പൻ അടയ്ക്കയ്ക്ക് (പച്ച അടയ്ക്ക) 55 രൂപയുണ്ട്. തൊണ്ടുകളഞ്ഞവയ്ക്ക് 140 രൂപ ലഭിക്കുന്നുണ്ട്. കൊട്ടടയ്ക്ക ഒരുമാസം മുമ്പുവരെ 300 രൂപയായിരുന്നു വില. ചമ്പൻ അടയ്ക്കാ 40 രൂപയും.
അടയ്ക്കയുടെ വിളവെടുപ്പ് തീരുന്ന സമയമാണിത്. ഇത് വില വർദ്ധനവിന് കാരണമായി. ജൂലായ് മുതൽ ഡിസംബർ വരെയാണ് സീസൺ. പച്ച അടയ്ക്ക വെറ്റില മുറുക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമാണ് പച്ച അടയ്ക്കയുടെ മാർക്കറ്റ്. കൂടാതെ ചില ആയുർവേദ ചേരുവകളിലും ഇവ ഉപയോഗിക്കാറുണ്ട്. ഉണങ്ങിയ അടയ്ക്കയുടെ പ്രധാന മാർക്കറ്റ് കർണാടകയാണ്. ചമ്പൻ അടയ്ക്ക പാൻമസാലയ്ക്കും മറ്റുമാണ് ഉപയോഗിക്കുന്നത്.
ജില്ലയിലെ മലയോര മേഖലകൾക്ക് പുറമേ ചിറ്റൂർ, തൃത്താല, കൂറ്റനാട്, ചാലിശ്ശേരി, കടമ്പഴിപ്പുറം എന്നിവിടങ്ങളിലാണ് കൂടുതൽ കവുങ്ങ് കൃഷി. ഇടവിളയായിട്ടാണ് പലരും അടയ്ക്ക കൃഷി ചെയ്യുന്നത്. എന്നാൽ അടയ്ക്കയുടെ വില കണ്ട് ഇപ്പോൾ പലരും കവുങ്ങിനെ പ്രധാനവിളയായി കൃഷി ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. റബ്ബർ വിലയിടിഞ്ഞതോടെ മലയോര തോട്ടം വെട്ടിയ സ്ഥലങ്ങളിലും കവുങ്ങ് കൃഷി തുടങ്ങിയിട്ടുണ്ട്.
ഏജന്റുമാർ വ്യാപാരികളിൽ നിന്ന് മൊത്തമായി ഉണങ്ങിയ അടയ്ക്ക എടുത്ത് കൊച്ചിയിലെത്തിക്കും. അവിടെ നിന്ന് കർണാടകയിലേക്ക് കയറ്റിയയക്കും. സീസൺ അവസാനിച്ചതോടെ അടയ്ക്കയ്ക്ക് ഇനിയും വില ഉയരാനുള്ള സാദ്ധ്യതയുണ്ട്.
തിരിച്ചുവരുമോ ചാലിശ്ശേരിയുടെ അടയ്ക്കാപ്പെരുമ?
30 വർഷം മുമ്പ് ചാലിശ്ശേരിക്ക് അടയ്ക്ക വിപണിയുടെ സുവർണ കാലഘട്ടമായിരുന്നു. ജോലി തേടി ആളുകൾ അന്യരാജ്യങ്ങളിലേക്ക് വിമാനം കയറിയതോടെ കൃഷിയിൽ ശ്രദ്ധിക്കാനാളില്ലാത്ത അവസ്ഥയായി. കൂടാതെ തൊഴിലാളി ക്ഷാമവും ചാലിശ്ശേരിയിലെ അടയ്ക്ക വിപണിയെ തളർത്തി. ദിവസം 300 മുതൽ 500 തുലാം വരെ ചരക്കെത്തിയിരുന്ന സ്ഥാനത്ത് പകുതി പോലും മാർക്കറ്റിലെത്താറില്ല. കാലാവസ്ഥാ വ്യതിയാനം, മഹാളി രോഗം, പറിച്ചെടുക്കാൻ ആളില്ലാത്തത്, വിലയിലുള്ള ചാഞ്ചാട്ടം മൂലം കരാറുകാർക്കുള്ള നഷ്ടം ഇതെല്ലാം ചാലിശ്ശേരിയിലെ അടയ്ക്കാ കച്ചവടത്തെ ബാധിച്ചു.
കർഷകരെ സംരക്ഷിക്കണം
നെൽക്കൃഷിക്ക് നൽകുന്നത് പോലെ പ്രത്യേക പാക്കേജ് അടയ്ക്ക കൃഷി രംഗത്തില്ല. രോഗം, പ്രകൃതിനാശം തുടങ്ങി വിളവിലുണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കാണുന്നില്ല. ശാസ്ത്രീയ പരിപാലന മുറ സ്വീകരിക്കാൻ കർഷകർക്ക് ബോധവത്കരണം നൽകണം. തൊഴിൽ പരിശീലനത്തിന് പ്രത്യേക പദ്ധതി കണ്ടെത്തണം.
-ഷിനോജ്, അടയ്ക്കാ കർഷകൻ, കൂറ്റനാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |